ആഗോള തലത്തിൽ എംപോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ചൈന. തുറമുഖങ്ങളിൽ കർശന നിരീക്ഷണ നടപടികൾ പ്രഖ്യാപിച്ചു. വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവരോ പനി, തലവേദന, നടുവേദന, പേശി വേദന, വീർത്ത ലിംഫ് നോഡുകൾ, ചുണങ്ങു തുടങ്ങിയ എംപോക്സ് രോഗലക്ഷണങ്ങൾ ഉള്ളവരോ പ്രവേശന സമയത്ത് അധികൃതരെ ഇക്കാര്യം അറിയിക്കണം. കസ്റ്റംസ് ഓഫീസർമാർ മെഡിക്കൽ നടപടികൾ നടപ്പിലാക്കുകയും നിർദ്ദിഷ്ട നടപടിക്രമങ്ങൾക്കനുസൃതമായി സാമ്പിളും പരിശോധനയും നടത്തുകയും ചെയ്യണമെന്നും നിർദേശം. മലിനമായതോ മലിനമാകാൻ സാധ്യതയുള്ളതോ ആയ വാഹനങ്ങൾ, കണ്ടെയ്‌നറുകൾ, എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള സാധനങ്ങൾ എന്നിവ അണുവിമുക്തമാക്കും. ഈ നടപടികൾ ആറ് മാസത്തേക്ക് സാധുവായിരിക്കും.
ലോകാരോഗ്യ സംഘടന ബുധനാഴ്ച എംപോക്സ് പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ആഫ്രിക്ക സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഡാറ്റ പ്രകാരം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 2,000-ലധികം പുതിയ പോക്സ് കേസുകൾ ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ജനുവരി മുതൽ ആഫ്രിക്കയിൽ ഏകദേശം 38,465 എംപോക്സ് കേസുകളും 1,456 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ആഴ്‌ച ആരോഗ്യ സംഘടന അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF