യുഎഇ നിരവധി ഇന്ത്യക്കാർ സ്വപ്നം കാണുന്ന പ്രവാസ ലോകമാണ്. ഇവിടേക്ക് ഭൂരിഭാഗം പേരും എത്തുന്നത് ഉപജീവനം തേടിയാണ്. ഈ രാജ്യത്തെ ജീവിതം സുഖകരമാക്കണമെങ്കിൽ, ഇവിടുത്തെ നിയമങ്ങൾ മനസ്സിലാക്കുകയും പാലിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിസ നിയമങ്ങൾ. യുഎഇയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എംപ്ലോയ്‌മെൻ്റ് വിസ നിർബന്ധമാണ്. ടൂറിസ്റ്റ് വിസയിൽ വന്ന് ജോലി ചെയ്യുന്നത് ഗുരുതരമായ നിയമലംഘനമാണ്. ഇത് വലിയ പിഴ, ജയിൽ ശിക്ഷ, ഒടുവിൽ രാജ്യത്ത് നിന്ന് പറഞ്ഞുവിടൽ എന്നിവയിലേക്ക് നയിച്ചേക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9 വിസ സംബന്ധമായി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം
എംപ്ലോയ്മെൻ്റ് വീസ അല്ലെങ്കിൽ വർക് പെർമിറ്റ് യുഎഇയിൽ നിങ്ങൾക്ക് ജോലി ചെയ്യണമെങ്കിൽ വർക്ക് പെർമിറ്റോ എംപ്ലോയ്മെൻ്റ് വിസയോ നിർബന്ധമായും ഉണ്ടാകണം. ടൂറിസ്റ്റ് വിസയിൽ വന്ന് ജോലി ചെയ്ത് നിയമത്തിൻ്റെ പിടിയിലാകുന്ന അധികം പേരും എംപ്ലോയ്മെൻ്റ് വിസയെക്കുറിച്ച് അറിയാതെയാണ് നിയമലംഘനം നടത്തുന്നത്. ടൂറിസ്റ്റ് വിസയിൽ ജോലി ചെയ്തു പിടിക്കപ്പെട്ടാൽ പിഴയും ജയിൽവാസവും പിന്നെ രാജ്യത്ത് നിന്ന് പറഞ്ഞുവിടലുമാണ് (ഡിപോർട്ടേഷൻ) ചെയ്യുക. ഇങ്ങനെ ഡിപോർട്ട് ചെയ്തുകഴിഞ്ഞാൽ പിന്നെ യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ സാധിക്കുന്നതല്ല. എംപ്ലോയ്മെൻ്റ് വിസ ലഭിച്ചതിന് ശേഷം മാത്രം ജോലിയിൽ പ്രവേശിക്കുക എന്നത് മാത്രമാണ് പിഴയിൽ നിന്നും നാടുകടത്തലിൽ നിന്നും രക്ഷപ്പെടാനുള്ള ഏക പോംവഴി.
വിസയ്ക്ക് പണം ഈടാക്കാൻ പാടില്ല
യുഎഇ തൊഴിൽ നിയമപ്രകാരം ഒരു കമ്പനിയും വിസയ്ക്ക് ജീവനക്കാർ/ തൊഴിലാളികൾ എന്നിവരിൽ നിന്ന് നിരക്ക് ഈടാക്കാൻ പാടുള്ളതല്ല. ഏതെങ്കിലും കാരണവശാൽ കമ്പനി നിങ്ങളുടെ വിസയുടെ ചാർജ് ഈടാക്കുന്നുണ്ടെങ്കിൽ ലേബർ കോടതിയിൽ പരാതിപ്പെടാം. യുഎഇ നിയമപ്രകാരം വിസയുടെ ചാർജ് നൽകേണ്ടത് കമ്പനി ഉടമയാണ്. ഇൻ്റർവ്യൂ കഴിഞ്ഞ് നിങ്ങളെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ കമ്പനിയുടെ ലെറ്റർ ഹെഡിൽ ഉള്ള ഓഫർ ലെറ്റർ തരും. തുടർന്ന് പാസ്പോർട്ട് കോപ്പിയും ഫോട്ടോഗ്രാഫും എച്ച്ആറിനെ ഏൽപ്പിക്കുക. അവർ വിസയുടെ തുടർ നടപടികൾ ആരംഭിക്കും. ശേഷം നിങ്ങൾക്ക് ലേബറിൻ്റെ ഓഫർ ലെറ്റർ ലഭിക്കുന്നതാണ്. ഓഫർ ലെറ്റർ കമ്പനി യുടെ ലെറ്റർ ഹെഡിൽ ആയിരിക്കില്ല, അത് ഗവൺമെന്റിൻ്റെ ഭാഗത്ത് നിന്ന് വരുന്നതായിരിക്കും. അതിൽ നിങ്ങളുടെ പ്രൊഫഷൻ, അടിസ്ഥാന(ബേസിക്) ശമ്പളം, അലവൻസ്, വിസ പ്രൊസസ് ചെയ്യുന്ന കമ്പനിയുടെ പേര് തുടങ്ങിയ വിവരങ്ങൾ ഉണ്ടായിരിക്കും. അത് കൃത്യമായി വായിച്ചു മനസ്സിലാക്കി കമ്പനി പറയുന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കാൻ കഴിയുന്നതാണെങ്കിൽ ഒപ്പിട്ടു കൊടുക്കാം. ഇതെല്ലാം ശരിയാക്കാൻ രണ്ടു ദിവസം വേണം. എന്നാലും ഒരാഴ്ച വരെ നിങ്ങൾക്ക് ഓഫർ ലെറ്ററിന് കാത്തിരിക്കാവുന്നതാണ്. ഒപ്പിട്ടു നൽകിയതിന് ശേഷം നിങ്ങൾക്ക് എംപ്ലോയ്മെൻ്റ് വിസ ലഭിക്കുന്നതാണ്. വിസയുടെ പകർപ്പ് കൈയിൽ കിട്ടിയാൽ നിങ്ങൾക്ക് ജോലിയിൽ പ്രവേശിക്കാം. പിന്നെ കമ്പനി വിസാ സ്റ്റാറ്റസ് മാറ്റും. തുടർന്നാണ് മെഡിക്കൽ എടുക്കുന്ന ഘട്ടം. മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കും. ഫിറ്റാണെന്ന് ബോധ്യമായാൽ വിരലടയാളം എടുക്കും. പിന്നെ വിസ സ്റ്റാംപ് ചെയ്യും. കിട്ടിക്കഴിഞ്ഞാൽ വിസയുടെ പ്രോസസ് പൂർണമാകും. എമിറേറ്റ്സ് ഐഡി നിങ്ങളുടെ കൈയ്യിൽ സൂക്ഷിക്കേണ്ടതാണ്. അത് വേറെ ആർക്കും കൈമാറാൻ പാടുള്ളതല്ല.
വിസാ കാലാവധി കഴിഞ്ഞാൽ ‘അബ്സ്കോഡിങ്ങാ’യേക്കാം
യുഎഇ പാസ് ആപ്ലിക്കേഷൻ വഴി നിങ്ങൾക്ക് വിസയുടെയും എമിറേറ്റ്സ് ഐഡിയുടെയും പകർപ്പ് സ്വയം എടുക്കാം. ടൂറിസ്റ്റ് , സന്ദർക വിസാ കാലാവധി കഴിഞ്ഞു യുഎഇയിൽ താമസിച്ചാൽ പിഴ കൂടാതെ ട്രാവൽ ഏജൻറ് അബ്സ്കോൻഡിങ് പരാതി നൽകിയേക്കും. ഈ പരാതി ഒഴിവാക്കിയ ശേഷം മാത്രമേ നിങ്ങൾക്ക് പിഴ അടച്ച് അടുത്ത വിസയിലേയ്ക്ക് മാറാൻ സാധിക്കുകയുള്ളൂ.
- ഔട്ട് പാസ് നേടി പോകാം; പക്ഷേ…
പിഴ അടയ്ക്കാതെയും അബ്സ്കോഡിങ് മാറ്റാതെയും യുഎഇയിൽ നിന്ന് നാട്ടിലേക്ക് പോകാം, പക്ഷേ, പിന്നെയൊരിക്കലും യുഎഇയിലേയ്ക്ക് തിരിച്ചു വരാൻ പറ്റില്ല. ലൈഫ് ബാൻ (ആജീവനാന്ത നിരോധനം) അടിച്ചാണ് യുഎഇ തിരിച്ചയക്കുക. ഇതിന് ഔട്ട് പാസ് എന്നാണ് പറയുക. അതാത് എമിഗ്രേഷനിൽ പോയി ഔട്ട്പാസും ടിക്കറ്റും എടുത്ത് നാട്ടിലേയ്ക്ക് പോകാം. ഔട്ട് പാസ് എടുക്കാൻ ടൈപ്പ് ചെയ്യാൻ 400 ദിർഹം മാത്രമേ ചെലവുള്ളൂ.
- ആരോഗ്യപ്രവർത്തകർക്ക് ഡിഎച്എ ലൈസൻസ്
ദുബായ് ആരോഗ്യവിഭാഗത്തിൽ ജോലി ചെയ്യാൻ വരുന്നവർ ഡിഎച്എ ലൈസൻസ് എടുക്കണം. ഈ ലൈസൻസ് കൊണ്ട് മാത്രം ഇവിടെ ജോലി ചെയ്യാൻ സാധിക്കില്ല. വിസയും ഉണ്ടായിരിക്കണം. എംപ്ലോയ്മെൻറ് വിസ ലഭിക്കുന്നതിന് മുൻപ് ഏതെങ്കിലും കമ്പനിയിൽ ജോലി ചെയ്താൽ ആ സമയത്ത് ശമ്പളമോ മറ്റ് അനുകൂല്യങ്ങളോ ചോദിക്കാൻ അവകാശമുണ്ടാവില്ല. ഹസ്ബൻഡ് വിസയിൽ കമ്പനികളിൽ ജോലി ചെയ്യുമ്പോൾ പലപ്പോഴും വർക്ക് പെർമിറ്റ് എടുക്കാറില്ല. വർക്ക് പെർമിറ്റ് ഇല്ലാതെ നിങ്ങൾ ഒരു കമ്പനിയിൽ ജോലി ചെയ്താൽ ശമ്പളവും മറ്റു അനുകൂല്യങ്ങളും ചോദിച്ചു വാങ്ങാൻ കഴിയില്ല. നിങ്ങൾ നിയമപരമായി ആ കമ്പനിയുടെ ഭാഗമല്ലാത്തതാണ് കാരണം. യുഎഇയിൽ വർക്ക് പെർമിറ്റില്ലാതെ എവിടെയും ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല.
- ജോലിയിൽ പീഡനം നേരിട്ടാൽ ഉടൻ വിളിക്കുക
പൊതുവേ ജോലിക്ക് വരുന്ന സ്ത്രീകൾ കമ്പനിയിൽ ഏതെങ്കിലും തരത്തിലുള്ള മാനസികമോ ശരീരമായോ ബുദ്ധിമുട്ട് ആരുടെയെങ്കിലും ഭാഗത്ത് നിന്ന് നേരിട്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിലേയ്ക്ക് ഫോൺ ചെയ്ത് പൊലീസിൽ വിവരമറിയിക്കാവുന്നതാണ്. അതേപോലെ തൊഴിൽവിഭാഗത്തേയും അറിയിക്കാം. പൊലീസ് ഉടനടി സഹായവുമായി എത്തുന്നതാണ്. പലപ്പോഴും തന്നെ കാണാൻ വരുന്ന പെൺകുട്ടികൾ ഇതുപോലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതായി പറയാറുണ്ടെന്ന് അഡ്വ.പ്രീത പറയുന്നു.
- അപകടം സംഭവിച്ചാൽ 999
യുഎഇയിൽ നിങ്ങൾക്ക് എന്തെങ്കിലും അപകടം നേരിട്ടാൽ ഉടൻ തന്നെ 999 നമ്പറിലേക്ക് വിളിക്കാവുന്നതാണ്. എന്നാൽ ഇന്ന് ഒരു പ്രശ്നം നേരിട്ട് ഒരാഴ്ച കഴിഞ്ഞ് പൊലീസിനെ വിളിച്ചാൽ തെളിവുകളും മറ്റു കാര്യങ്ങളും ശേഖരിക്കാൻ ബുദ്ധിമുട്ടാവും. അങ്ങനെ കേസ് ചാർജ് ചെയ്യാൻ സാധിക്കുകയുമില്ല. അതുകൊണ്ട് എന്തെങ്കിലും ഒരു ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അപ്പോൾ തന്നെ പൊലീസിനെ ബന്ധപ്പെടുക. അതുപോലെ ടൂറിസ്റ്റ് വിസയിലോ ജോബ് സീക്കർ വിസയിലോ വരുന്നവർ ഇൻഷുറൻസ് നിർബന്ധമായും എടുത്തിരിക്കണം. ഇവിടെ വന്നിട്ട് അപകടം അല്ലെങ്കിൽ ആരോഗ്യപ്രശ്നം നേരിട്ടാൽ ഇൻഷുറൻസ് ഇല്ലെങ്കിൽ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരും.
- കമ്പനികളെ മനസിലാക്കി വിമാനം കയറുക
യുഎഇയിൽ ജോലിക്കായി ഏജൻറ് മുഖേന വരുന്നവർ അവരെപ്പറ്റി നന്നായി അന്വേഷിച്ച ശേഷം മാത്രം എഗ്രിമെൻറ് സൈൻ ചെയ്യുക. ഏജന്റിന് പണം കൊടുത്ത് ഇവിടെ വന്നു ജോലിയും താമസ സൗകര്യവും ഭക്ഷണവുമില്ലാതെ ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. സന്ദർശക വിസാ കാലാവധി തീർന്ന് ഓവർ സ്റ്റേയായി ഒടുവിൽ ഔട്ട് പാസ് വഴി പോയവർക്ക് പിന്നെ യുഎഇയിലേക്ക് വരാനും സാധിക്കില്ല.