മുല്ലപ്പെരിയാർ പൊട്ടിയാൽ പോലും വെള്ളമെത്താത്ത എറണാകുളത്തെ പ്രദേശം, ഏറ്റവും വിലകുറഞ്ഞിരുന്ന സ്ഥലം ഇന്ന്

മുല്ലപ്പെരിയാർ പൊട്ടിയാൽ പോലും വെള്ളമെത്താത്ത എറണാകുളത്തെ പ്രദേശം ഏതാണെന്ന് അറിയാമോ? ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകൂടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. അദ്ദേഹത്തിൻ്റെ ഫേസ്ബുക്ക് കുറിപ്പ് നോക്കാം..

വരട്ടുവെങ്ങോലയിൽ നിന്നും ലേക്ക് വ്യൂ റിസോർട്ടിലേക്ക് !

വെങ്ങോലയെ പണ്ട് വിളിച്ചിരുന്നത് ‘വരട്ടു വെങ്ങോല’ എന്നായിരുന്നു. ഓരോ വർഷവും ഫെബ്രുവരി കഴിയുന്നതോടെ വെങ്ങോലയിൽ വെള്ളത്തിന് ബുദ്ധിമുട്ടാകും. കാലവർഷത്തെയും തുലാവർഷത്തെയും ആശ്രയിച്ച് നടക്കുന്ന കൃഷി മാത്രമാണ് അവിടെ നടന്നു കൊണ്ടിരുന്നത്. ഏപ്രിൽ – മെയ് മാസങ്ങളിൽ ഗ്രാമം വരണ്ടുണങ്ങും. പിന്നെ ഇടവപ്പാതി വന്നാൽ മാത്രമേ അവിടെ എന്തെങ്കിലും കൃഷി നടക്കൂ. കുടിവെള്ളം കിട്ടാൻ പോലും ബുദ്ധിമുട്ടാകും.

വീട്ടിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമുള്ള വെള്ളം ലഭ്യമാക്കേണ്ട ഉത്തരവാദിത്തം വളരെ ചെറുതായിരുന്നപ്പോൾ തന്നെ അമ്മയ്ക്കായിരുന്നു. പത്തു വയസ്സാകുന്നതിന് മുൻപ് തന്നെ അമ്മക്ക് പഠനം നിർത്തേണ്ടി വന്നതിന്റെ കാരണവും മറ്റൊന്നല്ല. ഇത് ഇന്ന് നമുക്ക് അന്യമായി തോന്നാമെങ്കിലും ലോകത്ത് ലക്ഷക്കണക്കിന് പെൺകുട്ടികൾ ഇന്നും പഠനം നിർത്തുന്നത് കുടുംബത്തിന് വെള്ളവും വിറകും എത്തിക്കാനുള്ള ഉത്തരവാദിത്തം കൊണ്ടാണ്. 1960 കളിൽ പെരിയാർ വാലി കനാൽ വന്നതോടെ വെങ്ങോല ഗ്രാമത്തിലെ വെള്ളക്ഷാമത്തിന് അറുതിയായി. ഇരു പൂവ് കൃഷി ചെയ്തിരുന്ന പ്രദേശങ്ങളിൽ മൂന്നു പൂവ് കൃഷിയായി, ആളുകളുടെ സാമ്പത്തിക നില ഉയർന്നു, കൃഷി കുറഞ്ഞു. കുറഞ്ഞ വിലക്ക് കൃഷിസ്ഥലവും കനാലിൽ നിന്നും ആവശ്യത്തിന് വെള്ളവും ഉള്ളത് കൊണ്ട് വെങ്ങോല കേരളത്തിലെ പ്ലൈ വുഡ് വ്യവസായത്തിന്റെ കേന്ദ്രമായി. പക്ഷെ എന്റെ വീടിരിക്കുന്ന ഭാഗത്തിന് ചുറ്റും ചെറിയ കുന്നുകൾ ആണ്, അതുകൊണ്ട് തന്നെ കനാലും വെള്ളവും ഒന്നും ആ വഴി വന്നില്ല. ഓരോ ഫെബ്രുവരി കഴിഞ്ഞപ്പോഴും അവിടെ ഭൂമി വറ്റി വരണ്ടു, ഏപ്രിൽ മാസത്തിൽ ജലത്തിന് ക്ഷാമവും റേഷനും ആയി. ഓരോ മൺസൂണും വരുന്നത് ഞങ്ങൾ കാത്തിരുന്നു. കൃഷി, ലാഭമല്ലാത്തത് കൊണ്ട് കൃഷിഭൂമി തരിശായെങ്കിലും വെള്ളം ഇല്ലാത്തതിനാൽ പ്ലൈവുഡ് കമ്പനികൾ ഒന്നും അവിടേക്ക് എത്തിയില്ല. ഇത്തരത്തിൽ ഞങ്ങൾക്കും വെള്ളത്തിനും ഇടയിൽ നിന്നിരുന്ന ചുണ്ടമലയിൽ 1980 കളിൽ ഒരു കൂറ്റൻ ക്വാറിയും ക്രഷറും വന്നു. മല കുഴിയായി, ഗ്രാമത്തിൽ ഇരുപത്തി നാലു മണിക്കൂറും ക്രഷറിന്റെ ഗർജ്ജനം ആയി. എന്റെ വീട്ടിലും ചുറ്റുമുള്ള വീടുകളിലും ഉള്ള പുതിയ തലമുറ ഒക്കെ സ്ഥലം വിട്ടു എന്ന് മാത്രമല്ല വീടുകൾ തന്നെ ആളില്ലാതെ ഇടിഞ്ഞു പൊളിയാനും തുടങ്ങി. സ്ഥലത്തിന്റെ വില കുറഞ്ഞത് കൊണ്ട് പ്ലൈ വുഡ് കമ്പനികൾ സ്ഥലമന്വേഷിച്ച് എത്തി തുടങ്ങിയിരുന്നു. പത്തു വർഷത്തിന് മുൻപ് എന്റെ വീടിന്റെ തൊട്ടടുത്തുള്ള ആളുകൾ ഈ കാര്യത്തെപ്പറ്റി ആശങ്ക പങ്കുവച്ചിരുന്നു. ക്വാറി ഇല്ലാതാക്കണമെന്നും പ്ലൈ വുഡിന്റെ വരവിനെ തടയണമെന്നും എല്ലാവരും ആവശ്യപ്പെട്ടു. ന്യായമായ കാര്യമാണ്. മാറ്റം കാലത്തിന്റെ ഭാഗമാണെന്നും ഒരു തരത്തിലുള്ള ‘വികസനം’ നടക്കാൻ നമുക്ക് ഇഷ്ടമില്ലെങ്കിൽ മറ്റെന്തെങ്കിലും വികസനത്തിന്റെ സാദ്ധ്യതകൾ അന്വേഷിക്കണം എന്നും ആയിരുന്നു അന്നവരോട് പറഞ്ഞത്. ഓർഗാനിക് ഫാമിങ് തൊട്ട് ടൂറിസം വരെയുള്ള സാദ്ധ്യതകൾ അന്ന് ചർച്ച ചെയ്തിരുന്നു. കൊവിഡിന്റെ കാലത്ത് കുറച്ചുനാൾ നാട്ടിൽ ആയിരുന്നപ്പോൾ വെങ്ങോലയിൽ കൂടുതൽ സമയം ചിലവാക്കാനും വെങ്ങോലയുടെ ഭാവിയെപ്പറ്റി ചിന്തിക്കാനും സമയം കിട്ടി. ക്രഷറിനോട് ചേർന്ന് മാലിന്യങ്ങൾ ഉല്പാദിപ്പിക്കുന്ന മിക്സിങ്ങ് പ്ലാന്റുകൾ വന്നു തുടങ്ങിയിരുന്നു. അതേ സമയം തന്നെ കുറച്ചു വില്ല പ്രോജക്ടുകളും തുടങ്ങിക്കണ്ടു. എറണാകുളം ജില്ലാ ആസ്ഥാനത്തിന് അടുത്ത് ഏറ്റവും കുറവ് ആളുകൾ താമസിക്കുന്നതും ഏറ്റവും സ്ഥലവില കുറഞ്ഞതും ആയ പ്രദേശം ആയി അപ്പോഴേക്കും ഞങ്ങളുടെ പ്രദേശം മാറിയിരുന്നു. അതുകൊണ്ട് ഒരു വശത്ത് അഴുക്കു പിടിച്ച വ്യവസായങ്ങൾക്കും മറു വശത്ത് ഗേറ്റഡ് കമ്മ്യൂണിറ്റികൾക്കും സ്ഥലം നോക്കുന്നവർക്ക് പറ്റിയ പ്രദേശമായി വെങ്ങോല മാറി. ഇവ തമ്മിലുള്ള മത്സരത്തിൽ ആര് ജയിക്കും എന്നതാകും വെങ്ങോലയുടെ ഭാവി എന്ന് ഞാൻ ഒരിക്കൽ പറഞ്ഞിരുന്നു. പക്ഷെ അടുത്തയിടെ വളരെ പ്രധാനമായ വികസനങ്ങൾ ഈ പ്രദേശത്ത് കാണുന്നു. വമ്പൻ ഗോഡൗണുകൾ വരികയാണ്. ഗേറ്റഡ് കമ്മ്യൂണിറ്റികളും കൂടി വരുന്നു. ഇതിന്റെ കാരണം പ്രധാനമാണ്. കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നതിനാൽ 2018 ലെ പ്രളയം ഈ പ്രദേശത്തെ ഒട്ടും ബാധിച്ചില്ല. ഇത് എറണാകുളത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വെയർ ഹൗസുകളും വില്ലകളും ഉണ്ടാക്കിയിരുന്നവർ മനസ്സിലാക്കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് പൊട്ടിയാൽ പോലും വെള്ളം എത്താത്ത പ്രദേശമാണ് വെങ്ങോല എന്നാണ് വൈദ്യുതി ബോർഡിന്റെ പഠനങ്ങൾ പറയുന്നത്. ഇതും ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. എന്താണെങ്കിലും വരട്ടു വെങ്ങോല എന്നത് ഇന്നൊരു അനുഗ്രഹമായി മാറിയിരിക്കുന്നു. പ്രധാനമായ വേറെ ചില സംഭവ വികാസങ്ങൾ കൂടിയുണ്ട്. ചുണ്ടമലയെ ചുണ്ടക്കുഴി ആക്കിയ ക്വാറി, പ്രവർത്തനം നിർത്തി. വലിയ താമസമില്ലാതെ മിക്സിങ്ങ് പ്ലാന്റുകൾ അവരുടെ വഴിയിൽ പോകും. നെടുമ്പാശ്ശേരിയിൽ നിന്നും കുണ്ടന്നൂർക്കുള്ള പുതിയ ഗ്രീൻ ഫീൽഡ് ആറു വരി പാത വെങ്ങോലയിലൂടെയാണ് വരാൻ പോകുന്നത്. വെങ്ങോലയുടെ ആകാശ ചിത്രം ഞങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. മാറിയ സാഹചര്യത്തിൽ ക്വാറിയെ ഒരു വാട്ടർ സ്പോർട്സ് പ്രോജക്ട് ആക്കി മാറ്റാം, മലയുടെ മുകളിൽ ഒരു ലേക്ക് വ്യൂ റിസോർട്ട്, വെറുതെ കിടക്കുന്ന പാടങ്ങൾ ഒക്കെ കൂട്ടി ഒരു ഗോൾഫ് കോഴ്സ്, അതിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ സുരക്ഷിതമായ ഗേറ്റഡ് കമ്മ്യൂണിറ്റി. മലയൊക്കെ തുരന്നു കുഴി ആക്കിയതിനാൽ ഉരുൾ പൊട്ടൽ പേടിക്കാനില്ല, വെള്ളം പണ്ടേ ഇല്ലല്ലോ, ആനയാണെങ്കിലും പെരുമ്പാവൂർ കടന്ന് എത്താൻ കുറച്ചു നാൾ എടുക്കും. വെങ്ങോലയിലുള്ള പറമ്പൊക്കെ വിറ്റുകളയാം എന്നായിരുന്നു ഇത് വരെ ചിന്തിച്ചിരുന്നത്. ഇപ്പോൾ അത് മാറി. ഗ്രാമത്തിന്റെ തലവര മാറുകയല്ലേ, ഇനി വല്ല ഹോം സ്റ്റേയും തുടങ്ങാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy