യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി ഡെലിവറി ബോയിക്ക് 11.5 കോടി രൂപ നഷ്ട പരിഹാരം വിധിച്ച് ദുബായ് കോടതി. അൽഐനിലെ സൂപ്പർ മാർക്കറ്റിൽ ഡെലിവറി ജോലി ചെയ്തിരുന്ന ഷിഫിൻ(24) ആണ് നഷ്ടപരിഹാരം ലഭിച്ചത്. മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മറിന്റെ മകനാണ് ഷിഫിൻ. 2022 മാർച്ച് 26 നാണ് അപകടം ഉണ്ടായത്. സൂപ്പർ മാർക്കറ്റ് ജീവനക്കാരനായ ഷിഫിൻ മോട്ടോർ ബൈക്കിൽ സാധനങ്ങളുമായി പോകവെ യുഎഇ സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഷിഫിന് ഗുരുതരമായി പരിക്കേറ്റു. തലയ്ക്കായിരുന്നു ക്ഷതമേറ്റത്. അപകട ശേഷം വാഹനം നിർത്താതെ പോവുകയും ചെയ്തു. ബോധരഹിതനായി കിടന്ന ഷിഫിനെ അതുവഴി വന്ന മറ്റൊരു സ്വദേശിയാണ് ആശുപത്രിയിലെത്തിച്ചത്. സിസിടിവിയുടെ സഹായത്തോടെ പൊലീസ് പ്രതിയെ പിടികൂടി. വാഹനാപകടത്തെ തുടർന്ന് 50 ദശലക്ഷം ദിർഹം നഷ്ട പരിഹാരം ലഭിക്കുന്ന യുഎഇയിലെ രണ്ടാമത്തെ കേസാണിത്. കൂടാതെ, ഇത്രയും തുക നഷ്ടരിഹാരം ലഭിക്കുന്ന ആദ്യ മലയാളിയും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ഷിഫിൻ. ഇൻഷുറൻസ് കമ്പനിയാണ് തുക നൽകേണ്ടത്. കേസിനായി നിയമ പോരാട്ടം നടത്തിയത് ഷാർജ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രാൻഗൾഫ് അഡ്വക്കേറ്റ്സ് ആണ് . അപകടത്തിൽ ഗുതുതരമായി പരിക്കേറ്റ ഏക മകന്റെ വിവരം അറിഞ്ഞ പിതാവ് സൗദിയിലെ ജോലിസ്ഥലത്ത് നിന്ന് അൽ ഐനിലെ ആശുപത്രിയിൽ എത്തുകയും തുടർന്ന് അൽ ഐനിലെ സർക്കാർ ആശുപത്രിയിൽ നിന്ന് അവിടുത്തെ തന്നെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. മകൻ്റെ കാലോ കൈയോ ചലിക്കുന്നത് കാണാൻ പിതാവ് ഒന്നര വർഷത്തോളം വെന്റിലേറ്ററിന് പുറത്ത് കാവലിരുന്നു. തലച്ചോറിനേറ്റ ക്ഷതം മൂലം ഈ യുവാവിൻ്റെ പത്തോളം അവയവങ്ങൾക്ക് പ്രവർത്തനക്ഷമത നഷ്ടപ്പെട്ടതായി വൈദ്യശാസ്ത്രം വിധിയെഴുതി. ഇതോടെ അബുദാബിയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ വെന്റിലേറ്ററിലേയ്ക്ക് ഷിഫിനെ മാറ്റുകയായിരുന്നു. യുഎഇയിലെ വിദഗ്ധ ചികിത്സയുടെയും ഫലമെന്നോണം പിന്നീട് ഷിഫിൻ തല ചലിപ്പിക്കാൻ തുടങ്ങി. ഇതോടെ തുടർ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് കൊണ്ടു പോകാൻ തീരുമാനിച്ചു. ദുബായ് കോടതിയിൽ നടന്ന കേസിനെ തുടർന്ന് ഷിഫിൻറെ നിലവിലെ ദുരിതപൂർണമായ ജീവിതാവസ്ഥ മനസ്സിലാക്കിയ ഇൻഷുറൻസ് അതോറിറ്റി കോർട് ഷിഫിന് നഷ്ടപരിഹാരമായി 28 ലക്ഷം ദിർഹം വിധിക്കുകയുണ്ടായി. എങ്കിലും യുവാവിന്റെ ശാരീരിക മാനസിക അവസ്ഥ പരിഗണിച്ചു കൂടുതൽ തുക ലഭിക്കാൻ കേസുമായി അഭിഭാഷകർ മുന്നോട്ടു പോയി. തുടർന്നുള്ള അപ്പീലിൽ കോടതി നിയമ നടപടികളിലൂടെ നഷ്ടപരിഹാര തുക 50 ലക്ഷം ദിർഹമായി ഉയർത്താൻ സാധിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
കഴിഞ്ഞ വർഷം സെപ്റ്റംബർ 30നാണ് ഷിഫിനെ നാട്ടിലേക്കു കൊണ്ടുപോയത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ നൽകി. പിന്നീട് വീട്ടിലേക്ക് മാറ്റി. വീട്ടിലെ പരിചരണം കൂടിയായപ്പോൾ സാധാരണ ജീവത്തിലേയ്ക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ നൽകി ആരോഗ്യത്തിൽ പുരോഗതി കൈവരിച്ചു. ഇപ്പോൾ ജ്യൂസ് രൂപത്തിലാണ് ഭക്ഷണം നൽകുന്നത്. കൈകാലുകൾ നന്നായി അനക്കാൻ കഴിയില്ലെങ്കിലും എല്ലാവരെയും തിരിച്ചറിയുന്നുണ്ട്. കൂട്ടുകാർ വന്ന് വിളിക്കുമ്പോൾ അവരെ നോക്കും. മകനെ പഴയ ഷിഫിനായി കാണണം. അതിനായി അവന് ഏത് വിദഗ്ധ ചികിത്സയും നൽകും. അതിനുള്ള ഒരുക്കത്തിലാണ്. നാട്ടിൽ ചെന്ന ശേഷം ബാക്കി കാര്യങ്ങൾ തീരുമാനിക്കും– നഷ്ടപരിഹാരം സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ദുബായിലെത്തിയ ഉമ്മറും ജമീലയും പറഞ്ഞു.