ദുബായിലെ ഉയർന്ന വാടക കാരണം താമസക്കാർ മറ്റ് എമിറേറ്റുകളിലേക്ക് വലിയ തോതിൽ താമസം മാറുന്നതായി റിപ്പോർട്ട്. വാടകയിലെ വർധനവിനൊപ്പം മറ്റ് എമിറേറ്റുകളിലെ ഉയർന്ന നിലവാരമുള്ള വികസനം, കൂടുതൽ തൊഴിൽ സാധ്യതകൾ, ജീവനക്കാർക്ക് കൂടുതൽ എളുപ്പമാവുന്ന ഹൈബ്രിഡ് വർക്ക് ക്രമീകരണങ്ങൾ എന്നിവയും ഈ കുടിയേറ്റത്തിനു പിന്നിലെ കാരണമാകുന്നുണ്ട്. 2009ലും 2014ലും ഇതിന് മുമ്പ് ഇത്തരം കുടിയേറ്റം ദുബായിൽ നിന്ന് മറ്റ് എമിറേറ്റുകളിലേക്ക് ഉണ്ടായിട്ടുണ്ടെന്നാണ് ഈ മേഖലയിലുള്ള ഏജൻസികൾ പറയുന്നുണ്ട്. അതിന് സമാനമായ രീതിയുള്ള താമസ മാറ്റം ഈ വർഷം സംഭവിക്കുമെന്നും അവർ വിലയിരുത്തുന്നു. ദുബായിൽ നിന്ന് ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, ഫുജൈറ, റാസൽ ഖൈമ തുടങ്ങിയ എമിറേറ്റുകളിലേക്ക് പോകുമ്പോൾ വാടകയിലെ വ്യത്യാസം കാരണം ഒരാൾക്ക് ഏകദേശം 77,000 ദിർഹം ലാഭിക്കാമെന്നാണ് ഈ മേഖലയിലെ വ്യവസായ എക്‌സിക്യൂട്ടീവുകൾ പറയുന്നത്. കൊവിഡിന് ശേഷം ദുബായ്, ഷാർജ, നോർത്തേൺ എമിറേറ്റ്സ് എന്നിവിടങ്ങളിലെ കെട്ടിട വാടകയിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. വിവിധ മേഖലകളിലെ മികച്ച തൊഴിലവസരങ്ങൾ കാരണം നിരവധി വിദേശികൾ ഇവിടങ്ങളിലേക്ക് തൊഴിൽ തേടിയെത്തുകയും അതുവഴി യുഎഇയിലെ ജനസംഖ്യയിൽ വലിയ തോതിലുള്ള വർധനവ് ഉണ്ടാവുകയും ചെയ്തതോടെയാണിത്. എന്നിരുന്നാലും, ദുബായിലെ വാടക വടക്കൻ എമിറേറ്റുകളേക്കാൾ ഇരട്ടിയിലേറെയാണ്.
ഒരു സ്റ്റുഡിയോ കെട്ടിടത്തിന് ദുബായിൽ പ്രതിവർഷം വേണ്ടി വരുന്നത് 30,000 ദിർഹം മുതൽ 70,000 ദിർഹം വരെയാണ് വാടക. ഒരു കിടപ്പുമുറിയുള്ള അപ്പാർട്ട്‌മെൻറിന് 50,000 ദിർഹം മുതൽ 130,000 ദിർഹം വരെ വാടകയുണ്ട്. എന്നാൽ ഷാർജയിൽ സ്റ്റുഡിയോകൾക്ക് 12,000 ദിർഹം മുതൽ 40,000 ദിർഹം വരെയും ഒരു ബെഡ്റൂം അപ്പാർട്ട്മെൻറുകൾക്ക് 14,000 ദിർഹം മുതൽ 55,000 ദിർഹം വരെയുമാണ് പ്രതിവർഷം വാടക വരുന്നത്. ദുബായിലെ കെട്ടിടങ്ങളെക്കാൾ ഇവിടങ്ങളിലെ കെട്ടിടങ്ങൾക്ക് കൂടുതൽ വിസ്തൃതിയും സൗകര്യങ്ങളും ഉണ്ട്. അതും ഒരു പ്രധാന ഘടകമാണ്. ഇവിടങ്ങളിൽ പുതുതായി വികസനം വരുന്ന പ്രദേശമായതിനാൽ കൂടുതൽ സൗകര്യങ്ങളോടും ഗുണമേന്മയോടെയുമാണ് കെട്ടിടങ്ങളും റോഡുകളും പാർക്കുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU