അജ്മാൻ: വർഷങ്ങളായി പാസ്‌പോർട്ടിന് നിരവധി തവണ അപേക്ഷ നല്‍കിയിട്ടും ലഭിച്ചിട്ടില്ലെന്ന് പരാതി.
മലപ്പുറം പുതുപൊന്നാനി സ്വദേശി 24-കാരനായ മുനവ്വർ മുഹ്സിന് ഇതുവരെയും പാസ്‌പോർട്ട് ലഭിച്ചില്ലെന്ന് പരാതിയുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മുനവ്വർ ജനിച്ചത് ഷാർജ സുലേഖ ആശുപത്രിയിലാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ പാസ്‌പോർട്ടിനുവേണ്ടി അപേക്ഷകൾ നിരവധി തവണ സമർപ്പിച്ചെങ്കിലും കേന്ദ്ര വിദേശകാര്യവകുപ്പിൽനിന്നു സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകാരണം പാസ്പോർട്ടിന് തടസ്സമാവുകയാണ്. പാസ്‌പോർട്ട് ഇല്ലാത്തതുകാരണം മുനവ്വറിന് യു.എ.ഇ. യിൽ താമസരേഖകളുമില്ല. അതിനാൽ പഠിച്ച് ജോലിനേടുക എന്നത് സ്വപ്നമാണിപ്പോൾ. 2000 ഫെബ്രുവരി മൂന്നിനാണ് മുഹ്സിൻ മാമ്മിന്റെയും ബിച്ചാമി പൂളയിൽ പറമ്പിലിന്റെയും മകനായി മുനവ്വറിന്റെ ജനനം. ആ സമയം ബിച്ചാമി വീട്ടുജോലിക്കാർക്കുള്ള വിസയിലായിരുന്നു.
എന്നാൽ മുഹ്സിന്റെ പാസ്പോർട്ടിൽ ബിച്ചാമിയുടെ പേരുണ്ടായതിനാൽ മറ്റു നിയമതടസ്സങ്ങളുണ്ടായില്ല. പിന്നീട് 2002-ൽ ദുബായ് ഇറാനിയൻ ആശുപത്രിയിൽ മകൾ മിയാദയെയും 2003-ൽ അജ്മാൻ ജി.എം.സി. ആശുപത്രിയിൽ മറ്റൊരു മകൾ ഹദീലിനെയും പ്രസവിച്ചു. ഈ ദമ്പതികൾക്ക് ആ സമയം വിവാഹ സർട്ടിഫിക്കറ്റില്ലാത്തതിനാൽ മൂന്നുമക്കളുടെയും ജനന സർട്ടിഫിക്കറ്റ് ലഭിച്ചില്ല.
1995-ലായിരുന്നു നാട്ടിൽവെച്ച് മുഹ്സിന്റെയും ബിച്ചാമിയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷം ബിച്ചാമി അജ്മാനിൽ ഭർത്താവിന്റെ അടുത്തെത്തിയതാണ്. മുഹ്സിന്റെ സ്പോൺസറായ ഇമിറാത്തിയുടെ കാരുണ്യത്തിലാണ് ബിച്ചാമിക്ക് ‘ഹൗസ് മെയ്ഡ്’ വിസ അനുവദിക്കുന്നത്. അജ്മാനിലെത്തി 20 വർഷങ്ങൾക്കുശേഷമായിരുന്നു ബിച്ചാമി ഭർത്താവിനൊപ്പം നാട്ടിലേക്കുപോയത്. 2018 – ലെ യു.എ.ഇ. യിലെ പൊതുമാപ്പിന് തൊട്ടുമുൻപായിരുന്നു യാത്ര.
നാട്ടിലെത്തി വിവാഹസർട്ടിഫിക്കറ്റുമായി ഈ കുടുംബം തിരിച്ചെത്തി. തുടർന്ന് മക്കളുടെ ജനനസർട്ടിഫിക്കറ്റ് ലഭിച്ചു. പിന്നീട് മൂന്നുമക്കളുടെയും പാസ്പോർട്ടിന് അപേക്ഷിച്ചെങ്കിലും രണ്ടു പെൺമക്കൾക്കുമാത്രമാണ് പാസ്പോർട്ട് ലഭിച്ചത്. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽനിന്നും ലഭിക്കുന്ന മറുപടി ഡൽഹി വിദേശ കാര്യമന്ത്രാലയത്തിൽനിന്ന് ‘സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് ലഭിച്ചില്ല’ എന്നുമാത്രമാണെന്ന് മുനവ്വറിന്റെ രക്ഷിതാക്കൾ പറയുന്നു. തിരുവനന്തപുരത്തുള്ള കേരള ഹോം ഡിപ്പാർട്ട്‌മെന്റ്, മലപ്പുറം ജില്ലാ കളക്ടർ, പൊന്നാനി താലൂക്ക്, പുതുപൊന്നാനി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽനിന്നെല്ലാം കോൺസുലേറ്റ് ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കിയിരുന്നു.
താമസരേഖകളില്ലാത്തതിനാൽ മുനവ്വർ നിരാശയിലാണ്. കൂട്ടുകാരെല്ലാം പഠിച്ച് ജോലിനേടി, വീട്ടിൽനിന്നും മാതാവാണ് അക്ഷരങ്ങൾ പഠിപ്പിച്ചത്. മുനവ്വറിന്റെ രണ്ടു സഹോദരങ്ങളുടെ വിവാഹം നാട്ടിൽ നടന്നിട്ടും പങ്കെടുക്കാൻ കഴിഞ്ഞില്ല. ഈ പൊതുമാപ്പിനെങ്കിലും മകന് പാസ്‌പോർട്ട് ലഭിച്ച് താമസവിസ ലഭിക്കുമോയെന്ന കാത്തിരിപ്പിലാണ് മുഹ്സിനും ഭാര്യ ബിച്ചാമിയും.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/KvbUGfuXecq55K3RpWtTRU