
ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ; പുതിയ സീസൺ പ്രഖ്യാപിച്ചു
ദുബായ് ∙ ദുബായ് നഗരത്തെ വർണപ്പകിട്ടാക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലി(ഡിഎസ്എഫ്)ൻറെ 30–ാം സീസൺ പ്രഖ്യാപിച്ചു. ഡിസംബർ 6 മുതൽ 2025 ജനുവരി 12 വരെയാണ് വൈവിധ്യമാർന്ന പരിപാടികളോടെയും ഷോപ്പിങ് സൗകര്യങ്ങളോടെയുമുള്ള പുതിയ സീസൺ ആരംഭിക്കുക. മുപ്പതാം വാർഷിക ഫെസ്റ്റിവലിൽ ലോകത്തെ പ്രമുഖരായ കലാകാരന്മാരും സെലിബ്രിറ്റികളും പങ്കെടുക്കും.
തത്സമയ ഗാനമേളകളടക്കം 321 പരിപാടികൾ അരങ്ങേറും. 1,000-ലധികം ആഗോള-പ്രാദേശിക ബ്രാൻഡുകളിൽ നിന്നുള്ള എക്കാലത്തെയും വലിയ ഷോപ്പിങ് ഡീലുകൾ താമസക്കാർക്ക് എത്തിക്കുന്നതോടൊപ്പം മാർക്കറ്റ് ഔട്ട്സൈഡ് ദ് ബോക്സിലും കാൻറീന് എക്സിലും ഔട്ട്ഡോർ പോപ്-അപ് കമ്മ്യൂണിറ്റി അനുഭവങ്ങളും സമ്മാനിക്കും. ഉത്സവ അനുഭവങ്ങൾ, അവിസ്മരണീയമായ പുതുവത്സര ആഘോഷങ്ങൾ, തീം പാർക്കുകളിലേക്കുള്ള യാത്രകൾ, ഔട്ട്ഡോർ സാഹസിക യാത്രകൾ, ജീവിതം മാറ്റിമറിക്കുന്ന സമ്മാനങ്ങൾ നേടാനുള്ള അവസരങ്ങൾ എന്നിവയും ഉണ്ടാകും.
ഡിഎസ്എഫിൻറെ 38 ദിവസങ്ങളിൽ താമസക്കാർക്കും സന്ദർശകർക്കും ദുബായ് ലൈറ്റ്‌സ്, കരിമരുന്ന് പ്രയോഗങ്ങൾ, ലോകോത്തര ഡ്രോൺ ഷോകൾ എന്നിവ സൗജന്യമായി കാണാനാകും. യുഎഇയുടെ ശൈത്യകാല മാസങ്ങളിൽ ഉത്സവം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള സമഗ്രമായ ഒരു ഗൈഡ് എന്ന നിലയ്ക്കുള്ള ഡിഎസ്എഫ് ഇവൻറുകളുടെ മുഴുവൻ കലണ്ടറും ഉടൻ അനാച്ഛാദനം ചെയ്യും.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)