ദുബായ്: നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം. അതും പുതിയ വണ്ടിയുടെ പകുതി ചെലവിൽ. ദുബായിലെ മലയാളി വ്യവസായി സാക്ക് ഫൈസലാണ് ഈ സ്റ്റാർട്ടപ് ആശയത്തിനു പിന്നിൽ. പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനം ബോഡിയും ഷാസിയും അതേപടി നിലനിർത്തി പൂർണമായും ഇലക്ട്രോണിക് വാഹനമായി മാറ്റിയെടുക്കുന്നതാണ് സാക്കിന്റെ സ്റ്റാർട്ടപ് ഐഡിയ. ആക്രികളായി മാറുന്ന വാഹനങ്ങളെ പ്രകൃതിക്കു ദോഷമില്ലാതെ പുനർ ജീവിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയാണ് പീക്ക് മൊബിലിറ്റി എന്ന കമ്പനിയിലേക്കും അതുവഴി ഇലക്ട്രിക് കാറുകൾ എന്ന ആശയത്തിലേക്കും എത്തിയത്. വർഷം തോറും ലക്ഷക്കണക്കിനു വാഹനങ്ങളാണ് ആക്രികളായി തള്ളുന്നത്. വൻകിട രാജ്യങ്ങൾ ഉപയോഗിച്ചു തള്ളുന്ന വാഹനങ്ങൾ വികസ്വര രാജ്യങ്ങളിൽ പൊളിക്കാനെത്തിക്കുന്നതും അതിന്റെ പേരിലുള്ള അന്തരീക്ഷ മലിനീകരണവും വലിയ നയതന്ത്ര പ്രശ്നങ്ങളിലേക്കു വരെ രാജ്യങ്ങളെ തള്ളി വിടുന്ന സാഹചര്യത്തിലാണ് എല്ലാ പ്രശ്നങ്ങൾക്കും കൂടി സാക്കിന്റെ വക ഒറ്റമൂലി. പെട്രോൾ, ഡീസൽ എൻജിനുകൾ മാറ്റി ഇലക്ട്രിക് എൻജിനുകളാക്കുന്നതിനൊപ്പം പഴയ വാഹനങ്ങളെ പുതുമോടിയിൽ പുറത്തിറക്കാനും സാക്കിന്റെ സ്റ്റാർട്ടപ് കമ്പനിക്കു കഴിയും.
കാലഹരണപ്പെട്ടു പോകുന്ന വാഹനങ്ങൾക്കു രണ്ടാം ജന്മം നൽകുക മാത്രമല്ല, ഇതിലൂടെ സാധിക്കുന്നത്. പുതിയ വാഹനം ഉൽപാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന മലിനീകരണ പ്രശ്നങ്ങളും വിഭവ നഷ്ടവും ഇവിടെ പരിഹരിക്കുന്നു. പെട്രോളിയം ഇന്ധനത്തിലൂടെ ഓടുന്ന വാഹനങ്ങളെ ഘട്ടം ഘട്ടമായി വൈദ്യുത വാഹനങ്ങളാക്കി മാറ്റുന്നതിലൂടെ കാർബൺ പുറന്തള്ളൽ പ്രശ്നമെന്ന മഹാവിപത്തിനെ പിടിച്ചു കെട്ടുക കൂടിയാണിവിടെ. വൈദ്യുത ഇന്ധനത്തിലൂടെ പുനർജന്മം നൽകുന്ന കാറുകളെ കഴിഞ്ഞ കാലാവസ്ഥ ഉച്ചകോടിയിലാണ് സാക്ക് അവതരിപ്പിച്ചത്. ഇപ്പോൾ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട് ഉച്ചകോടിയിൽ കൂടുതൽ മികച്ച മാതൃക പീക്ക് മൊബിലിറ്റി ലോകത്തിനു കാട്ടിക്കൊടുക്കുന്നു. ടൊയോട്ടാ കാംറിയുടെ പെട്രോൾ കാറിനെ ഇലക്ട്രിക് കാറായി രൂപ പരിണാമം വരുത്തിയാണ് പീക്ക് മൊബിലിറ്റി അവതരിപ്പിച്ചിരിക്കുന്നത്. ആശയത്തിനു വൻ സ്വീകാര്യത ലഭിച്ചതോടെ കൂടുതൽ പെട്രോൾ കാറുകൾക്ക് പുനർജന്മം നൽകാൻ സാക്കും സംഘവും തീരുമാനിച്ചു. പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ‘ഇവി’ പുനർജന്മം കൂടുതൽ സജീവമാക്കാൻ കമ്പനി തീരുമാനിച്ചു. അടുത്ത വർഷം പകുതിയോടെ പഴയ കാറുകളുടെ ഇവി രൂപങ്ങൾ വിപണിയിൽ എത്തും. നിങ്ങളുടെ വാഹനം ഏതുമാകട്ടെ അതിനെ ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റാൻ ഇവരുടെ സാങ്കേതിക വിദ്യയ്ക്കാവും.
നിലവിലെ വാഹനത്തിന്റെ ബോഡിയും ഷാസിയും അതേപടി ഉപയോഗിക്കുന്നതിനാൽ നിർമാണ ചെലവിൽ 30% ലാഭമാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ വാഹനം നിർമിക്കുന്നതിന് ആവശ്യമാകുന്ന സമയത്തിന്റെ 80 ശതമാനവും ഇവിടെ ലാഭം. ചുരുക്കത്തിൽ, പുതിയ ഇലക്ട്രിക് വാഹനം നിർമിക്കുന്നതിന്റെ പകുതി സമയവും ചെലവും മാത്രമേ, നിലവിലെ വാഹനം പുനർ നിർമിക്കുന്നതിന് ആവശ്യമായി വരു.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU