യാത്ര ചെയ്യുന്നവർക്കെല്ലാം വിമാനങ്ങളിൽ നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? ചില കമ്പനികൾ നല്ല ഭക്ഷണം നൽകുമെങ്കിലും ചിലർ മോശമാക്കാറുണ്ടെന്നത് വിമാന യാത്രക്കാർ തന്നെ പലപ്പോഴും പരാതിപ്പെട്ടിട്ടുള്ളതാണ്.
ഇങ്ങനെ ചില പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ, വിമാനങ്ങളിലെ മെനുവിൽ കാര്യമായ മാറ്റമുണ്ടാക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യാത്രക്കാരി. എടൽവെയ്‌സ് എന്ന കമ്പനിയുടെ സിഇഒയും ഫിനാൻഷ്യൽ അഡ്വൈസറുമായ രാധിക ഗുപ്‌തയാണ് മെനുവിൽ കാര്യമായ മാറ്റം വേണമെന്ന് പറയുന്നത്. രാവിലെ വിമാനയാത്രകളിൽ ആകെ കിട്ടുന്നത് കുറച്ച് ബട്ടറും, പച്ചക്കറികളും വെച്ച രണ്ട് കഷ്ണം സാൻവിച്ചാണ്. അത് മാറ്റി നല്ല പൊറോട്ടയോ, ഇഡ്‌ഡലിയോ അടക്കമുള്ള ഇന്ത്യൻ ഭക്ഷണങ്ങൾ തരാനാണ് രാധിക ആവശ്യപ്പെടുന്നത്.
ട്വിറ്ററിലൂടെയായിരുന്നു രാധികയുടെ പ്രതികരണം. ‘ബ്രേക്ക്ഫാസ്റ്റ് എന്ന പേരിൽ രണ്ട് ബ്രെഡ്ഡും ബട്ടറും വെച്ചുള്ള സാൻവിച്ച് തരുന്നത് നിർത്താൻ അപേക്ഷിക്കുകയാണ്. ഇത് ഇന്ത്യയാണ്. പാശ്ചാത്യരാജ്യമൊന്നുമല്ല. ഇവിടെ ആരോഗ്യകരമായ, രുചികരമായ പൊറോട്ട, ഇഡ്ഡ്ലി പോലുള്ള ഒരുപാട് പ്രഭാതഭക്ഷണങ്ങളുണ്ട്. ഈ സാൻവിച്ചിൽ നിന്ന് ഒന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിക്കുകയാണ്’; രാധിക പറയുന്നു.
രാധികയുടെ ഈ അഭിപ്രായത്തോട് നെറ്റിസൺസ് എല്ലാം യോജിക്കുകയാണ് ചെയുന്നത്. നിരവധി പേർ ഈ സാൻവിച്ച് പരിപാടി നിർത്താൻ അപേക്ഷിക്കുകയാണ്. ചിലരാകട്ടെ ഭക്ഷണത്തിന്റെ മോശം ക്വാളിറ്റി എടുത്തുപറഞ്ഞുകൊണ്ടാണ് വിമർശിക്കുന്നത്. എന്നാൽ ഇതിനിടെ ചില എയർലൈൻ കമ്പനികൾ നല്ല ഭക്ഷണം നൽകുന്നുണ്ടെന്നും ചിലർ ചൂണ്ടികാണിക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ്
ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU