കർണ്ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻറെ ലോറി കണ്ടെത്തി. ഇന്ന് നടത്തിയ പരിശോധനയിലാണ് അർജുൻ്റെ ലോറി കണ്ടെത്തിയത്. ലോറിക്കുള്ളിൽ മൃതദേഹവും കണ്ടെത്തി. അർജുനെ കാണാതായിട്ട് ഇന്നേക്ക് 71-ാം ദിവസം പൂർത്തിയായിരിക്കവേയാണ് ഇന്ന് നിർണായകമായത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിൻ ഉയർത്തിയപ്പോഴാണ് ഉളളിൽ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാർ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്രഡ്ജറിലുണ്ട്. ഗംഗാവലി പുഴയുടെ അടിത്തട്ടിലാണ് ലോറി ഉണ്ടായിരുന്നത്. ലോറി അർജുൻറേത് തന്നെയെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചു. ജൂലൈ 16നാണ് അർജുനെ കാണാതായത്. മൂന്ന് ഘട്ടങ്ങളിലായിട്ടാണ് തെരച്ചിൽ തുടർന്നു കൊണ്ടിരുന്നത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തെരച്ചിൽ നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോൾ ലോറിയും അർജുൻറെ മൃതദേഹവും കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU