ലെബനനിൽ കരയുദ്ധം തുടങ്ങി ഇസ്രയേൽ. അതിർത്തി കടന്ന് സൈന്യം ലെബനനിൽ പ്രവേശിച്ചു. ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സെെന്യം വ്യക്തമാക്കി. ജനങ്ങളോട് ഒഴിഞ്ഞുപോകാൻ അധികൃതർ ആവശ്യപ്പെട്ടു. വടക്കൻ അതിർത്തി ഇസ്രയേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. കരയുദ്ധത്തിന് തയ്യാറാണെന്ന് ഹിസ്ബുള്ളയും അറിയിച്ചു. തിങ്കളാഴ്ചയുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആറ് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു. സംഘർഷം തുടങ്ങിയശേഷം ആദ്യമായി മധ്യ ബയ്‌റുത്തിലും ഇസ്രയേൽ ആക്രമണം നടത്തി. പാർപ്പിട സമുച്ചയം തകർന്ന് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബെയ്റൂട്ടിലടക്കം ഇസ്രയേലിന്റെ വ്യോമാക്രമണം രൂക്ഷമാണ്. ഞായറാഴ്ച മാത്രം 105 പേർ കൊല്ലപ്പെട്ടു. ഉന്നത ഹമാസ് നേതാവായ ഫത്തേഹ് ഷെറീഫ് അബു അൽ-അമീൻ ടൈർ നഗരത്തിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനിടെ, ലെബനനിലെ വിവിധ വിദേശ എംബസികൾ ജീവനക്കാരെ ഒഴിപ്പിച്ചുതുടങ്ങി. രണ്ടാഴ്ചത്തെ ആക്രമണങ്ങളിൽ രാജ്യത്ത് ആയിരത്തിലേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആറായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഹിസ്ബുള്ളയുടെ പ്രധാന കമാൻഡർമാരെയെല്ലാം ഇസ്രയേൽ വധിച്ചു. 10 ലക്ഷം പേർ അഭയാർഥികളായി. ഒരാഴ്ചകൊണ്ട് ലെബനനിൽ നിന്ന് സിറിയയിലേക്ക് ഒരു ലക്ഷം പേർ പലായനം ചെയ്തെന്ന് യുഎൻ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU