അറബിക്കടലിന് മുകളിൽ വെച്ചുള്ള കൂട്ടിയിടിയിൽ നിന്നും നേരിയ വ്യത്യാസത്തിൽ തലനാരിഴക്ക് രക്ഷപ്പെട്ടു രണ്ട് വിമാനങ്ങൾ. രണ്ട് ബോയിങ് 777 യാത്രാ വിമാനങ്ങളാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഖത്തർ എയർവേസിൻ്റേയും ഇസ്രയേൽ എയർലൈൻസിൻ്റേയും വിമാനങ്ങളാണ് 35,000 അടി ഉയരത്തിൽ അപകടകരമാം വിധം നേർക്കുനേർ അടുത്തെത്തിയത്. കുറഞ്ഞത് പത്തു മിനിറ്റ് അകലം പാലിക്കേണ്ടിടത്ത് ഒരു മിനിറ്റ് മാത്രമായിരുന്നു ഈ വിമാനങ്ങൾ തമ്മിലെ അകലം. ഇക്കഴിഞ്ഞ മാർച്ച് 24 ന് മുംബൈയിലെ എയർ ട്രാഫിക് കൺട്രോളർമാർ നിയന്ത്രിക്കുന്ന ആകാശ പാതയിലായിരുന്നു സംഭവം. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ(എഎഐബി) അന്വേഷണം നടത്തി പ്രാഥമിക റിപ്പോർട്ട് പുറത്ത് വിട്ടപ്പോഴാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. കേന്ദ്ര സിവിൽ വ്യോമയാന വകുപ്പിന് കീഴിലുള്ള വിഭാഗമാണ് എഎഐബി. വിമാനങ്ങളിലെ പൈലറ്റുമാർക്ക് കോക്പിറ്റിലെ സുരക്ഷാ സംവിധാനം മുന്നറിയിപ്പുകളൊന്നും നൽകിയിരുന്നില്ലെന്നും എഎഐബി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെ തുടർന്ന് രണ്ട് എയർ ട്രാഫിക്ക് കൺട്രോളർമാരെ സസ്‌പെൻഡ് ചെയ്യുകയും തുടർപരിശീലനത്തിന് അയക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU