ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. ഹൃദയാഘാതത്തെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ള താരമാണ് സിനിമാ സംവിധായകനും കോറിയോഗ്രഫറുമായ റെമോ ഡിസൂസ. ആരോഗ്യത്തേക്കുറിച്ച് സദാ ജാഗരൂകനായിരുന്ന തനിക്ക് 2020-ലാണ് ആദ്യമായി ഹൃദയാഘാതം ഉണ്ടാകുന്നത്. എന്നാൽ അത്രത്തോളം ആരോഗ്യത്തിൽ ശ്രദ്ധിച്ചിട്ടും ഹൃദയാഘാതം ഉണ്ടായപ്പോൾ അത്ഭുതപ്പെട്ടു. ഇപ്പോഴും തനിക്ക് എന്തുകൊണ്ട് ഹൃദയാഘാതം ഉണ്ടായി എന്നതിനേക്കുറിച്ച് വ്യക്തത കൈവന്നിട്ടില്ലെന്ന് റെമോ പറയുന്നു.
തൻ്റെ ആരോഗ്യ കാര്യത്തിൽ നന്നായി ശ്രദ്ധിക്കുകയും സ്ഥിരമായി വ്യായാമവും ചെയ്യാറുണ്ടായിരുന്നു. താനൊരിക്കലും പുകവലിച്ചിരുന്നില്ല, പാർട്ടികളിൽ പങ്കെടുക്കുകയോ, മദ്യപിക്കുകയോ ചെയ്തിരുന്നില്ല. ഇതാർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഹൃദയാഘാതത്തിനുശേഷം തന്റെ ജീവിതം ആകെ മാറിമറിഞ്ഞു. തുടക്കത്തിൽ അൽപം ബുദ്ധിമുട്ടുണ്ടായിരുന്നു. മിക്കവരുടെയും ഭക്ഷണ രീതി പാക്കേജ്ഡ് ഫുഡുകളും കാൻ ഫുഡുകളും ഒക്കെയാണ്. അത് ഒഴിവാക്കണം. രോഗാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ കുടുംബത്തിന്റെ പിന്തുണയാണ് ഏറ്റവും വലുതെന്ന് തിരിച്ചറിയും. സമ്മർദമാണ് ഹൃദയാഘാതങ്ങളിലെ പ്രധാന കാരണങ്ങളിലൊന്ന്. കുടുംബത്തിന്റെ പിന്തുണയോടെ അതിനെ മറികടക്കാൻ സാധിക്കും. എന്തെങ്കിലും പ്രശ്നമുള്ള സമയത്ത് ശരീരം ലക്ഷണങ്ങൾ കാണിച്ചിരിക്കും, അത് നിസ്സാരമാക്കരുത്. ഹൃദയാഘാതമുണ്ടായ സമയത്ത് താൻ ജിമ്മിലായിരുന്നു. സ്ട്രെച്ചിങ് കഴിഞ്ഞപ്പോൾ തനിക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടു, തുടർന്നുണ്ടായ വേദന മാറിയില്ലെന്നും താരം പറയുന്നു. ഒപ്പം ഓക്കാനം അനുഭവപ്പെടുകയും ചെയ്തതോടെ ഭാര്യ തന്നെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോക്ടർമാർ തനിക്കുണ്ടായത് മേജർ ഹാർട്ട് അറ്റാക്ക് ആയിരുന്നുവെന്നും നൂറുശതമാനം ബ്ലോക്കേജ് ഉണ്ടായിരുന്നുവെന്നും പറയുന്നത്. എന്നാൽ അതുകേട്ടപ്പോൾ താൻ ചിരിക്കുകയാണുണ്ടായത്. കാരണം തന്നെപ്പോലെ ഫിറ്റ്നസ് ഫ്രീക്ക് ആയ ഒരാൾക്ക് എങ്ങനെ ഹൃദയാഘാതമുണ്ടായി എന്ന് മനസ്സിലാക്കാനേ കഴിഞ്ഞില്ല. എന്നാൽ ഫിറ്റ്നസിൽ വിട്ടുവീഴ്ച ചെയ്യാതിരുന്നത് കൊണ്ടുമാത്രമാണ് ആശുപത്രിയിലെത്തും വരെ ഒന്നും സംഭവിക്കാതിരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. എന്നാൽ, അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ സൂചനകളായി മനസ്സിലാക്കണം. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളോ ഗ്യാസിന്റെ ബുദ്ധിമുട്ടോ ഉണ്ടായാൽ അവയെ അവഗണിക്കരുത്.
വ്യായാമം ആരംഭിക്കും മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- ഡോക്ടറുടെയോ, വിദഗ്ധപരിശീലകരുടെ നിർദേശത്തോടെയാവാം വ്യായാമങ്ങൾ ചെയ്യേണ്ടത്.
- എല്ലാവരുടേയും ശരീരം ഒരുപോലെയല്ല. ഒന്നും ചെയ്യാതെയിരുന്ന് പെട്ടന്നൊരു ദിവസം കഠിന വ്യായാമത്തിലേക്ക് കടക്കുന്നത് അനാരോഗ്യം ഉണ്ടാക്കിയേക്കും. മാനസിക തയ്യാറെടുപ്പും പ്രധാനമാണ്.
- ഏതു തരം വ്യായാമമാണെങ്കിലും പതിയെ തുടങ്ങാം. നടത്തം, ഓട്ടം, നീന്തൽ, വിവിധതരം കളികൾ, ജിമ്മിലെ വ്യായാമങ്ങൾ തുടങ്ങിയവയെല്ലാം ഘട്ടം ഘട്ടമായി ചെയ്യാം.
- മാംസപേശികളെയും സന്ധികളെയും ചെറിയ വ്യായാമത്തിലൂടെ ശക്തിപ്പെടുത്തുകയാണ് ആദ്യം വേണ്ടത്.
- രക്തസമ്മർദം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ചിലർക്ക് ഉണ്ടാകാം. സ്ത്രീകളിലാണെങ്കിൽ കൂടുതലായി ഫൈബ്രോയിഡ്, പിസിഒഡി, തൈറോയിഡ് പ്രശ്നം ഒക്കെയുണ്ട്. ഡോക്ടറോടോ ട്രെയിനറോടോ ഫിസിയോതെറാപ്പിസ്റ്റിനോടോ സംസാരിച്ചശേഷം അനുയോജ്യമായ വ്യായാമത്തിലേക്ക് കടക്കാം.
- വ്യായാമത്തിന് മുൻപ് വാം അപ് നിർബന്ധമാണ്. കൈകാലുകൾക്ക് സ്‌ട്രെച്ചിങ് നൽകണം. അഞ്ചുമിനിറ്റ് വാം അപ് ചെയ്‌തേശഷം വ്യായാമത്തിലേക്ക് കടക്കാം.
- വർക്ക്ഔട്ടിന് മുൻപ് പ്രീവർക്ക് ഔട്ട് മീൽസ് കഴിക്കാം. മധുരമില്ലാത്ത പഴമോ ജ്യൂസോ മതിയാകും.
- ആദ്യഘട്ടത്തിൽ ശരീരത്തെ വഴക്കമുള്ളതാക്കുന്ന വ്യായാമങ്ങളാണ് ചെയ്യേണ്ടത്. തുടർന്ന് ശരീരഭാരം കുറയ്ക്കുന്ന തീവ്രതയേറിയ വ്യായാമങ്ങൾ ചെയ്തുതുടങ്ങാം.
- അമിതഭാരമുള്ളവർ ഒരു പേഴ്‌സണൽ ട്രെയിനറുടെ കീഴിൽ പരിശീലനം ചെയ്യണം.
- വ്യായാമത്തിനിടെ ക്ഷീണം തോന്നിയാൽ വിശ്രമിക്കുകയും ആവശ്യത്തിന് വെള്ളംകുടിക്കുകയും വേണം.