ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന ബഹുമതി ബുർജ് ഖലീഫയാണ് ഇത്രയും സ്വന്തമാക്കിയിരുന്നത്. എന്നാൽ അറബ് ലോകത്ത് തന്നെ ബുർജ് ഖലീഫക്ക് ഒരു എതിരാളി ഉയർന്ന് വരികയാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന റെക്കോർഡ് നേടാൻ ഒരുങ്ങുകയാണ് സൗദി അറേബ്യയിലെ ജിദ്ദാ ടവർ. ശതകോടീശ്വരനായ അൽ വാലീദ് ബിൻ തലാൽ രാജകുമാരൻറെ ഉടമസ്ഥതയിലുള്ള സൗദി സ്ഥാപനം ജിദ്ദാ ടവറിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു. ടവറിൻറെ ഉടമസ്ഥാവകാശം ജിദ്ദ ഹോൾഡിങ് കമ്പനിക്കാണ്. വാലീദ് ബിൻ തലാൽ രാജകുമാരൻറെ കിങ്ഡം ഹോൾഡിങിന് കീഴിലുള്ള കമ്പനിയാണിത്. നിർമ്മാണം പൂർത്തിയാകുമ്പോൾ കെട്ടിടത്തിന് 1,000 മീറ്റർ ഉയരമുണ്ടാകും. ഇതോടെ ജിദ്ദ ടവർ ലോകത്തിലെ ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി സ്വന്തമാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. മരുഭൂമിയിൽ മുളച്ചുവരുന്ന ചെടിയെ ഓർമ്മിക്കും വിധമാണ് കെട്ടിടത്തിൻറെ ഘടന. അമേരിക്കൻ ആർക്കിടെക്ട് അഡ്രിയൻ സ്മിത്തിൻറെ തലയിൽ വിരിഞ്ഞതാണ് കെട്ടിടത്തിൻറെ ആകൃതി. ഹോട്ടലുകൾ, അപ്പാർട്ട്മെൻറുകൾ, ഓഫീസുകൾ, മൂന്ന് ലോബികൾ, 157-ാം നിലയിൽ ലോകത്തിലെ ഉയരമേറിയ ഒബ്സർവേഷൻ ഡെസ്ക് എന്നിവയാണ് കെട്ടിടത്തിലുണ്ടാകുക. കെട്ടിടത്തിൻറെ 63 നിലകൾ നേരത്തെ പൂർത്തിയായിരുന്നു. പിന്നീട് നിർമ്മാണം നിലച്ചു. ഇപ്പോൾ ഈ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിരിക്കുകയാണ്. ആകെ 157 നിലകളാണ് കെട്ടിടത്തിനുണ്ടാകുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU