പ്രവാസികൾക്ക് ഇനി ചിലവേറും, അബുദാബിയിൽ അരോഗ്യ ഇൻഷുറൻസ് നിരക്ക് വർദ്ധിപ്പിച്ചു. ജീവനക്കാർക്കും ആശ്രിതർക്കും കമ്പനി ഉടമ ഇൻഷുറൻസ് പരിരക്ഷ നൽകണമെന്നാണ് നിയമം. എന്നാൽ നിരക്കു വർധിപ്പിച്ചതോടെ ചില കമ്പനികൾ ആശ്രിതരുടെ തുക നൽകില്ലെന്ന് അറിയിച്ചതോടെയാണ് പ്രവാസികൾക്ക് തിരിച്ചടിയായത്. ഇതിനോടനുബന്ധിച്ച് കമ്പനികൾ ജീവനക്കാർക്ക് നൽകിയ നിർദ്ദേശം ഇപ്രകാരമാണ്, ഒന്നുകിൽ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയോ അല്ലെങ്കിൽ അവരെ സ്വന്തം നിലയിൽ ഇൻഷുറൻസ് എടുക്കുകയോ വേണം. ഇതോടെ കുടുംബാംഗങ്ങൾക്കായി ഇൻഷുറൻസ് ഇനത്തിൽ പ്രതിവർഷം ഇരുപതിനായിരത്തോളം ദിർഹം അധികമായി കണ്ടെത്തേണ്ടി വരും. ഏറെ ബുദ്ധിമുട്ടേണ്ടി വരിക ഒരാൾ മാത്രം ജോലി ചെയ്യുന്ന കുടുംബത്തിലെ അംഗങ്ങളാണ്. ഇൻഷുറൻസ് എടുക്കാത്തവർക്ക് വീസ പുതുക്കാനും കഴിയില്ല. 40 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പ്രീമിയത്തിലാണ് വൻ വർധനവ് വന്നിരിക്കുന്നത്. ബേസിക് പാക്കേജിലാണ് ഇത്രയും വർധന. വൻ തുക നൽകി ഇൻഷുറൻസ് എടുത്താൽ പോലും അത്യാവശ്യത്തിന് ആശുപത്രിയിൽ പോയാൽ ഡോക്ടറെ കാണാനും മരുന്ന് ലഭിക്കാനും മണിക്കൂറുകൾ കാത്തിരിക്കണമെന്നും പ്രവാസികൾ സൂചിപ്പിച്ചു. സാമാന്യം ഭേദപ്പെട്ട ഇൻഷുറൻസ് പാക്കേജിന് ഇരട്ടിത്തുക നൽകേണ്ടിവരും. 60 കഴിഞ്ഞവരുടെ ഇൻഷുറൻസ് ബേസിക് പാക്കേജിന് നേരത്തേ 900 ദിർഹമുണ്ടായിരുന്നത് 9,000 ദിർഹമാക്കി കൂട്ടി. ചില കമ്പനികൾ ഇത് 16,000 ദിർഹത്തിലേറെയാക്കിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 18 വയസ്സിനു മുകളിലുള്ള യുവതികൾക്കു മെറ്റേണിറ്റി പ്രീമിയം എന്ന പേരിൽ ആയിരത്തിലേറെ ദിർഹം കൂടി നൽകണം. പ്രസവം നിർത്തിയവരും ഈ തുക നൽകണം. ദുബായിലും ഷാർജയിലും ചെറിയ തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമ്പോഴാണ് അബുദാബിയിൽ മാത്രം പ്രീമിയം ഇത്രയധികം ദിർഹം ഒറ്റയടിക്ക് ഉയർത്തുന്നത്. ഇൻഷുറൻസ് പരിരക്ഷ മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വിലയും ദിനംപ്രതി വർധിക്കുകയാണ്. സ്കൂൾ ഫീസ്, ബസ് ഫീസ് തുടങ്ങിയവയും വർധിച്ചിട്ടുണ്ട്. പിടിച്ചുനിൽക്കാൻ പ്രയാസപ്പെടുന്ന പലരും കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുന്നത് പരിഗണിച്ച് വരികയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU