ദുബായിൽ ജനിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വേണ്ടി നവജാത ശിശുക്കൾക്ക് ലേണേഴ്സ് പാസ്പോർട്ട് നൽകാനൊരുങ്ങി അധികൃതർ. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി കൈകോർത്താണ് പദ്ധതി നടപ്പിലാക്കുക. വിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ‘വിദ്യാഭ്യാസ നയം 2033’ അവതരിപ്പിക്കുന്നതിനിടെ നോളജ് ആൻഡ് ഹ്യൂമൻ ഡിവലപ്മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ ജനിക്കുന്ന മുഴുവൻ കുട്ടികളും പുതിയ സംവിധാനത്തിൽ രജിസ്റ്റർ ചെയ്യപ്പെടും. ഇതുവഴി അവർക്ക് വിദ്യാഭ്യാസം ലഭിക്കേണ്ട പ്രായം മനസ്സിലാക്കാൻ സാധിക്കും. തുടർന്ന് നഴ്സറികളുടെ വിവരങ്ങൾ രക്ഷിതാക്കളെ അറിയിക്കും. നഴ്സറികളിൽ രജിസ്റ്റർ ചെയ്യുന്ന ഇമിറാത്തി കുട്ടികളുടെ എണ്ണം ആഗോള ശരാശരിയേക്കാൾ താഴെയാണെന്നും ഇത് അവരുടെ വളർച്ചയെയും നേട്ടങ്ങളെയും ബാധിക്കുന്നതായും മീറാൻ വിശദീകരിച്ചു. ഒരു കുട്ടിയുടെ 90 ശതമാനം ബുദ്ധിയും വികസിക്കുന്നത് അഞ്ച് വയസ്സുവരെയുള്ള കാലഘട്ടത്തിലാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിർണായകമായ ഈ വളർച്ചാഘട്ടം അവരുടെ ഭാവിയിലെ അക്കാദമിക പ്രകടനങ്ങളിൽ വലിയ സ്വാധീനം ചെലുത്തും. ലഭ്യമായ വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ച് രക്ഷിതാക്കൾക്ക് സമഗ്രമായ വിവരങ്ങൾ നൽകാൻ ലേണേഴ്സ് പാസ്പോർട്ടിലൂടെ കഴിയും. കുട്ടികളുടെ വിദ്യാഭ്യാസകാര്യത്തിൽ യഥാസമയം ഉചിതമായ തീരുമാനമെടുക്കാൻ ഇത് രക്ഷിതാക്കളെ സഹായിക്കും. കുട്ടികൾ സ്‌കൂളിൽ ചേരുന്നുണ്ടോ എന്ന് നിരീക്ഷിക്കും. സ്‌കൂളിൽ എൻ റോൾ ചെയ്യാത്ത കുട്ടികളെ ഇതിലൂടെ കണ്ടെത്തി ഇവർക്ക് നിർബന്ധിത വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള അടിയന്തര നടപടി സ്വീകരിക്കും. എമിറേറ്റിലെ ഒരു കുട്ടിക്കും വിദ്യാഭ്യാസം നഷ്ടപ്പെടില്ലെന്ന് ഇതുവഴി ഉറപ്പാക്കാൻ കഴിയുമെന്നും കെഎച്ച്ഡിഎ ഡയറക്ടർ ജനറൽ ആയിഷ മീറാൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU