യുഎഇയിൽ പാസ്പോർട്ട് സർവ്വീസ് മുടങ്ങുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞമാസവും പലവട്ടം പാസ്പോർട്ട് സേവ പോർട്ടൽ പണിമുടക്കിയിരുന്നു. പാസ്പോർട്ട് സേവ പോർട്ടലിലെ തകരാറിനെത്തുടർന്ന് വീണ്ടും രാജ്യത്ത് ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിലായി. വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഞായറാഴ്ച വരെ പാസ്പോർട്ട് സേവനം ലഭ്യമായിരിക്കില്ലെന്ന് അബുദാബി ഇന്ത്യൻ എംബസി അറിയിച്ചു. പാസ്പോർട്ട് സേവ പോർട്ടൽ തകരാറിലായതിനാൽ യുഎഇയിലെ ബിഎൽഎസ് കേന്ദ്രങ്ങളിൽ ഇന്ന് പാസ്പോർട്ട് സർവ്വീസുണ്ടായിരിക്കില്ല. തൽകാൽ, പിസിസി സേവനങ്ങളെയും ഇത് ബാധിക്കും. ഞായറാഴ്ച വൈകുന്നേരം വരെ ഈ പ്രശ്നം തുടരുമെന്ന് അബുദാബി ഇന്ത്യൻ എംബസി വ്യക്തമാക്കി. പാസ്പോർട്ട് നടപടികൾക്ക് വേണ്ടി ഇന്ന് അപ്പോയിൻമെൻറ് ലഭിച്ചവർക്ക് ഈ മാസം 13ന് അപ്പോയിൻമെൻറ് മാറ്റി നൽകും. പഴയ അപ്പോയിൻമെൻറിലെ സമയക്രമം അതേപടി തുടരും. അന്നേദിവസം, ബിഎൽഎസ് കേന്ദ്രങ്ങളിലെത്താൻ കഴിയാത്തവർക്ക് 13ന് ശേഷം അപ്പോയിൻമെൻറ് ഇല്ലാതെ തന്നെ കേന്ദ്രത്തിലെത്തി അപേക്ഷ നൽകാം. എന്നാൽ, ഇത്തരത്തിലെത്തുന്ന അപേക്ഷകർക്ക് കൂടുതൽ സമയം സേവനത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന് എംബസി അറിയിച്ചു. പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെങ്കിലും ബിഎൽഎസ് കേന്ദ്രങ്ങളിലെ കോൺസുലാർ, വിസാ സേവനങ്ങളെ ഇത് ബാധിക്കില്ലെന്ന് എംബസി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU