മംഗളൂരുവിലെ പ്രമുഖ വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഹണിട്രാപ്പെന്ന് മംഗളൂരു പൊലീസ്. മുംതാസ് അലിയുടെ മൃതദേഹം കുലൂർ പുഴയിൽ നിന്ന് കഴിഞ്ഞ ദിവസം ഈശ്വർ മാൽപെ ഉൾപ്പെട്ടെ സംഘമാണ് പുറത്തെടുത്തത്. ഈശ്വർ മാൽപെയുടെ സംഘത്തിനൊപ്പം ഏഴംഗ സ്‌കൂബ ടീമും എൻഡിആർഎഫും സംയുക്തമായി തിരച്ചിൽ നടത്തിയിരുന്നു. കുലൂർ പുഴയിലെ തണ്ണീർബാവിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ചയാണ് മുംതാസ് അലിയെ കാണാതാകുന്നത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മുംതാസ് അലിയുടെ കാർ കുലൂർ പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുംതാസ് അലിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മംഗളുരു പൊലീസ് പറയുന്നത് ഹണിട്രാപ്പെന്നാണ്. സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ടുവെന്നാണ് കേസ്. റഹ്‌മത്ത് എന്ന സ്ത്രീ ഉൾപ്പടെ ആറ് പേർക്കായി ഇതുമായി ബന്ധപ്പെട്ട് പൊലീസ് തെരച്ചിൽ നടത്തി വരികയാണ്. മുഖ്യപ്രതി റഹ്‌മത്ത് കേരളത്തിലേക്ക് കടന്നുവെന്നാണ് സൂചന. ജനതാദൾ (സെക്യുലർ) നേതാവ് ബിഎം ഫറൂഖിന്റേയും മുൻ കോൺഗ്രസ് എംഎൽഎ മൊഹിയുദ്ദീൻ ബാവയുടേയും സഹോദരനാണ് മരിച്ച മുംതാസ് അലി. മിസ്ബാ ഗ്രൂപ്പ് ഓഫ് എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാനാണ് മുംതാസ് അലി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU