യാത്രാ വിലക്ക് ലംഘിച്ച് യുഎഇ പൗരൻ കുടുംബത്തോടൊപ്പം ലെബനനിലേക്ക് പോയി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മറ്റൊരു രാജ്യം വഴിയാണ് യുഎഇ പൗരൻ ലെബനനിലേക്ക് പോയത്. ഈ നടപടിയിലൂടെ അയാൾ അയാളുടെയും കുടുംബത്തിൻ്റെയും ജീവനാണ് അപകടത്തിലാക്കിയതെന്ന് അന്വേഷണത്തിന് ഉത്തരവിട്ട അറ്റോർണി ജനറൽ ഡോ.ഹമദ് അൽ ഷംസി പറഞ്ഞു. ചില രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച തീരുമാനങ്ങൾ അനുസരിക്കണമെന്ന് അദ്ദേഹം രാജ്യത്തെ പൗരന്മാരോട് ആഹ്വാനം ചെയ്യുകയും അത്തരം നിർദ്ദേശങ്ങൾ പ്രാഥമികമായി പൗരന്മാരുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നതെന്നും വ്യക്തമാക്കി. യാത്രാ നിരോധനത്തിൽ പറഞ്ഞിരിക്കുന്ന നിയമങ്ങളിൽ ഏതെങ്കിലും തെറ്റിച്ചാൽ തടവും പിഴയും ലഭിക്കും. ശിക്ഷാർഹമായ കുറ്റമാണ് നിയമങ്ങൾ പാലിക്കാത്തത്. വിദേശകാര്യ മന്ത്രാലയത്തിൻ്റെ (MoFA) വെബ്‌സൈറ്റ് അനുസരിച്ച്, യുഎഇ പൗരന്മാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് പോകാൻ അനുവാദമില്ല. ഇസ്രായേലും ലെബനൻ ആസ്ഥാനമായുള്ള ഹിസ്ബുള്ളയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ട സുരക്ഷ കണക്കിലെടുത്താണ് ഈ നടപടി കൈകൊണ്ടിരിക്കുന്നത്. യുഎഇ നയതന്ത്ര ദൗത്യങ്ങൾ, അടിയന്തര ചികിത്സ കേസുകൾ, മുൻകൂട്ടി അംഗീകൃത ഔദ്യോഗിക, ശാസ്ത്ര, സാമ്പത്തിക പ്രതിനിധികൾ എന്നിവ ഒഴികെ യുഎഇ പൗരന്മാർക്കും അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല, MoFAയിൽ പറയുന്നു. റഷ്യയുമായുള്ള യുദ്ധം കാരണം യുക്രൈനിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ യുഎഇ പൗരന്മാർക്ക് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിലെ മറ്റൊരു യാത്രാ ഉപദേശത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU