തളരാനാകില്ലല്ലോ; ഉരുൾപൊട്ടൽ കവർന്നത് ഉപ്പയും ഉമ്മയുമടക്കം 11 ഉറ്റവരെ, വീണ്ടും പ്രവാസിയായി ഇല്യാസ്

വയനാട് ചൂരൽമലയിലുണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉപ്പയും ഉമ്മയും ബന്ധുക്കളും അടക്കം 11 പേരെ നഷ്ടമായ ഇല്യാസ് വീണ്ടും പ്രവാസ ലോകത്ത് എത്തി. തിരിച്ചെത്തിയ ഇല്യാസിനെ ചേർത്തു പിടിക്കുകയാണ് സുഹൃത്തുക്കൾ. തന്നെക്കാൾ വലിയ നഷ്ടങ്ങൾ സഹിക്കുന്നവർക്കൊപ്പം, ജീവിതത്തോട് പൊരുതാൻ ഉറച്ചാണ് ജീവിതത്തിലേക്കും പ്രവാസ ലോകത്തക്കുമുള്ള ഇല്യാസിൻ്റെ തിരിച്ച് വരവ്. ഉരുൾപൊട്ടലുണ്ടായ വിവരമറിഞ്ഞയുടൻ നാട്ടിലേക്ക് ഓടി എത്തിയതാണ് ഇല്യാസ്. ഒരു രാത്രി കൊണ്ട് ഉപ്പയും ഉമ്മയുമടക്കം 11 പേരെയാണ് ഇല്യാസിന് നഷ്ടമായത്. തകർന്നു നിൽക്കാനും തളർന്നു പോകാനുമുള്ള ആനുകൂല്യം തനിക്കില്ലെന്ന് വളരെ പെട്ടെന്നാണ് തിരിച്ചറിഞ്ഞത്. നഷ്ടങ്ങളില്ലാത്തവരായി അവിടെ ആരുമുണ്ടായിരുന്നില്ല. ഉപ്പ, ഉമ്മ, ഉപ്പയുടെ സഹോദരനും ഭാര്യയും, ഉമ്മയുടെ സഹോദരി, ഭർത്താവ്, അവരുടെ മകനും ഭാര്യയും, 3 മക്കളുമടക്കം 11 പേരാണ് ഇല്യാസിന് നഷ്ടപ്പെട്ടത്. ഇനിയുള്ള വരവിൽ ഇല്യാസിൻ്റെ വിവാഹം നടത്താൻ സ്വപ്നം കണ്ടിരുന്നവരായിരുന്നു അവരെല്ലാം. ഉപ്പയുടെ മൃതദേഹത്തിൻ്റെ ഡിഎൻഎ ഫലം 30 ദിവസത്തിന് ശേഷം കിട്ടി. ഉമ്മയുടേത് ഇല്യാസ് തിരികെയെത്തിയ അന്നാണ് ലഭിച്ചത്. എല്ലാം ശരിയായേ പറ്റൂ. രണ്ട് അനിയത്തിമാരുണ്ട്. അവർക്ക് ഇല്യാസും ഇല്യാസിന് അവരും മാത്രമേ ഇനി ബാക്കിയുളളു. തകർന്നുപോകാതെ ഇല്യാസിനെ പിടിച്ചുനിർത്തിയത് ദുരന്തത്തെ പതറാതെ നേരിട്ട ആ നാട് കൂടിയാണ്. മറക്കാനും ഓർക്കാനുമുള്ള മനുഷ്യൻ്റെ അപാരമായ കഴിവുകളെ മനക്കരുത്തിനാൽ നിയന്ത്രിച്ച് ഇല്യാസ് ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുകയാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy