
ഉഷ്ണമേഖലാ ന്യൂനമര്‍ദം: യുഎഇയില്‍ മഴയും വെള്ളപ്പൊക്കവും; മുന്നറിയിപ്പ്
ദുബായ്: യുഎഇയില്‍ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ രൂപപ്പെടുന്ന ഉഷ്ണമേഖലാ ന്യൂനമര്‍ദത്തെ തുടര്‍ന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ ഭീഷണിയുണ്ട്. ചില കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ മഴ വര്‍ധിക്കാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചില തീരദേശപ്രദേശങ്ങളില്‍ കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദ സാന്നിധ്യം നിരീക്ഷിച്ചതിനാല്‍ ഈയാഴ്ച അറബിക്കടലില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദത്തിന് സാധ്യതയുള്ളതായി യുഎഇയുടെ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്‍സിഎമ്മിന്റെ മുന്നറിയിപ്പിന്റെയും അടുത്തിടെ രാജ്യത്തുണ്ടായ മഴയുടെയും സാഹചര്യത്തില്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി (എന്‍സിഇഎംഎ) സജീവമായ ഒരു നടപടി സ്വീകരിച്ചു. അറബിക്കടലിലെ രൂക്ഷമായ കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്താന്‍ അവര്‍ സംയുക്ത വിലയിരുത്തല്‍ സംഘവുമായി നിര്‍ണായക യോഗം വിളിച്ചുചേര്‍ത്തു. രാജ്യത്തിന്റെ തയ്യാറെടുപ്പും സുരക്ഷയും ഉറപ്പാക്കുന്നതിലായിരുന്നു ശ്രദ്ധ. കഴിഞ്ഞ ഒരാഴ്ചയായി യുഎഇയിലെ ചിലയിടങ്ങളില്‍ കനത്ത മഴ, ആലിപ്പഴ വീഴ്ച, താഴ്‌വരകളില്‍ വെള്ളപ്പൊക്കം എന്നിവ ഉണ്ടായി. ഫുജൈറയിലും റാസ് അല്‍ ഖൈമയിലും വെള്ളച്ചാട്ടങ്ങള്‍ മലനിരകളില്‍നിന്ന് താഴേക്ക് പതിക്കുകയും നീര്‍ച്ചാലുകള്‍ കവിഞ്ഞൊഴുകുകയും ചെയ്തു. ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ ആറ് വരെ നീണ്ടുനില്‍ക്കുന്ന അല്‍ വാസ്മി സീസണ്‍ ആരംഭിക്കുന്നതിനാല്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ശൈത്യകാലത്തിന്റെ ആദ്യലക്ഷണങ്ങളെ ഈ സീസണ്‍ സൂചിപ്പിക്കുന്നു. കാലാവസ്ഥാ പ്രവചനം അനുസരിച്ച്, അടുത്ത കുറച്ച് ദിവസങ്ങളിലും മഴ തുടരും. പ്രത്യേകിച്ച് കിഴക്കന്‍ മേഖലകളില്‍ മഴ കൂടുതല്‍ സാധാരണമായിരിക്കും. അടുത്ത ദിവസങ്ങളിലും മഴ തുടരുമെങ്കിലും ചൊവ്വാഴ്ചയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
Comments (0)