ദുബായ്: ദുബായിലെ ടോള്‍ ഗേറ്റുകളില്‍ വരാനിരിക്കുന്ന രണ്ട് പുതിയ സാലിക് ഗേറ്റുകളിലെ നിരക്കുകളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത. ദുബായില്‍ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകുകയാണ്. ഇതിനുപിന്നാലെ, ടോള്‍ ഗേറ്റുകളില്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുള്ള പുതിയ നിരക്കിനെകുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. തിരക്കുള്ള സമയത്ത് നിരക്ക് 8 ദിര്‍ഹമാക്കുമെന്നും അല്ലാത്ത സമയങ്ങളില്‍ സൗജന്യമായി ഗേറ്റിലൂടെ കടന്നുപോകാമെന്നുമുള്ള വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. ഇത് പൂര്‍ണമായും സത്യമല്ലെന്ന് സാലിക് അധികൃതര്‍ പറഞ്ഞു. എന്നാല്‍, തിരക്കേറിയ റോഡുകളില്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്ന സമ്പ്രദായം ലോകത്ത് പലയിടത്തുമുണ്ടെന്നും ദുബായിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗമായി ഡൈനാമിക് ടോള്‍ ഗേറ്റ് അവതരിപ്പിക്കുന്നത് ഇതാദ്യമല്ലെന്നും അറിയിച്ചു. ദിവസത്തില്‍ സമയത്തിനനുസരിച്ച് ടോള്‍ നിരക്കുകള്‍ പുതുക്കുന്നതിലൂടെ ഡൈനാമിക് പ്രൈസിങ് നടപ്പിലാക്കാന്‍ കഴിയുമെന്ന് 2022 സെപ്റ്റംബറില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) സാലിക്കിന്റെ െഎപിഒ പ്രഖ്യാപനത്തില്‍ വ്യക്തമാക്കിയിരുന്നു. ദുബായ് അല്‍ ഖായില്‍ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അല്‍ മെയ്ദാന്‍ സ്ട്രീറ്റിനും ഉമ്മു അല്‍ ഷീഫ് സ്ട്രീറ്റിനുമിടയിലെ ഷെയ്ഖ് സായിദ് റോഡിലെ അല്‍ സഫാ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകള്‍ വരുന്നത്. നിലവില്‍ നഗരത്തിലുള്ള സാലിക് ടോള്‍ ഗേറ്റുകളിലൂടെ ഒരു വാഹനം കടന്നുപോകുമ്പോള്‍ നാല് ദിര്‍ഹം എന്ന നിശ്ചിത ഫീസാണ് ഈടാക്കുക. സാലിക് ഗേറ്റുകളില്‍ ഡൈനാമിക് ടോള്‍ ഗേറ്റ് ഫീസ് ക്രമമാണോ നടപ്പിലാക്കുകയെന്ന് ദുബായിലെ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അന്തിമ തീരുമാനമെടുക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5