സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡിൽ നൂറ് കിലോയിലധികം സ്വർണം പിടിച്ചെടുത്തു. 650 ഉദ്യോഗസ്ഥർ പങ്കെടുത്ത റെയ്ഡിൽ തൃശൂരിൽ നിന്ന് 104 കിലോ സ്വർണമാണ് കണ്ടെത്തിയത്. ‘ടെറെ ദെൽ ഓറോ’ അഥവാ സ്വർണഗോപുരമെന്ന പേരിൽ നടത്തിയ റെയ്ഡ് ആറ് മാസത്തെ ആസൂത്രണത്തിന് ഒടുവിലാണ് നടപ്പാക്കിയത്. വിനോദ സഞ്ചാരത്തിനെന്ന പേരിൽ എറണാകുളത്തും തൃശൂരുമായാണ് ഉദ്യോഗസ്ഥർ സംഘടിച്ചിരുന്നത്. തൃശൂരിലെത്തിയ ശേഷം ബസിൽ വിനോദ സഞ്ചാര ബാനർ കെട്ടുകയും ചെയ്തിരുന്നു. റെയ്ഡ് വിവരം പുറത്തുപോകാതിരിക്കാനായാണ് ഇത്തരത്തിലൊരു നീക്കം നടത്തിയത്. ഒരേ സമയം 75 ഇടങ്ങളിലാണ് ജിഎസ്ടി ഇന്റലിജൻസിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പല സ്ഥാപനങ്ങളിൽ നിന്നും സ്റ്റോക്ക് രജിസ്റ്ററിൽ രേഖപ്പെടുത്തിയതിനേക്കാൾ അധികം സ്വർണം കണ്ടെത്തി. സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. കണക്കിൽപ്പെടാത്ത ഒരു കിലോ സ്വർണത്തിന് അഞ്ച് ശതമാനം വരെ പിഴ നൽകണം. ഒരു കിലോ സ്വർണത്തിന് 72 ലക്ഷം രൂപയാണ് വില. വിവിധ സ്ഥാപനങ്ങളിൽ നിന്നായി പിടിച്ചെടുത്ത സ്വർണം ട്രഷറി ലോക്കറിലേക്ക് മാറ്റി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5