
യുഎഇയിൽ പരിപാടിക്കെത്തിയ സാജുവിനെ ഞെട്ടിച്ച് സംഘാടകർ; കണ്ണുനിറഞ്ഞ് താരം, സർപ്രൈസ് നൽകി..
കാണികളെ കുടുകുടാ ചിരിപ്പിക്കുന്ന പാഷാണം ഷാജിയെന്ന സാജു നവോദയയെ ആരും കണ്ണുനിറഞ്ഞു കണ്ടിട്ടുണ്ടാകില്ല. എന്നാൽ അത്തരത്തിലൊരു വീഡിയോ ഇന്ന് സോഷ്യൽ മീഡിയിയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ചലച്ചിത്ര നടനും മിമിക്രി കലാകാരനുമായ സാജു നവോദയക്ക് നൽകിയ സർപ്രൈസാണ് താരത്തെ ഈറനണിയിച്ചത്. ഒരു പരിപാടിയിൽ പങ്കെടുക്കാനായി യുഎഇയിലെത്തിയതാണ് സാജു. താരത്തിന്റെ പിറന്നാൾ ദിനവുമായിരുന്നു. അതിനാൽ പിറന്നാൾ ആഘോഷവും സംഘാടകർ ഒരുക്കി. ആഘോഷങ്ങൾക്കിടയിൽ തന്റെ ഭാര്യ അരികിലുണ്ടായിരുന്നെങ്കിലെന്ന് പറഞ്ഞ് സാജു തന്റെ നെഞ്ചിൽ പച്ചകുത്തിയിട്ടുള്ള ഭാര്യയുടെ ചിത്രവും കാണിച്ചു. താമസിയാതെ കാണികൾക്കിടയിൽ നിന്ന് ഒരു യുവതി സ്റ്റേജിലേക്കെത്തി. പർദ്ദയാണ് യുവതിയുടെ വേഷം. നിക്കാബ് മാറ്റി മുഖം കണ്ടതോടെയാണ് സാജുവിന്റെ കണ്ണുകൾ നിറഞ്ഞത്. സാജുവിന്റെ ഭാര്യ രശ്മിയായിരുന്നു അത്. സംഘാടകർ സാജുവിന് ജന്മദിനത്തിൽ സർപ്രൈസ് നൽകാനായി രശ്മിയെയും ദുബായിലെത്തിച്ചിരുന്നു. താൻ ഇതുവരെ ഇത്തരത്തിലൊരു പിറന്നാൾ ആഘോഷിച്ചിട്ടില്ലെന്നും തനിക്ക് ലഭിച്ച ഏറ്റവും വലിയ പിറന്നാൾ സമ്മാനമാണിതെന്നും സാജു പറഞ്ഞു. ഇതിലും വലിയ സർപ്രൈസ് തനിക്ക് കിട്ടാനില്ലെന്നും താരം കൂട്ടിച്ചേർത്തു. സാജുവിന്റെയും രശ്മിയുടെയും സ്നേഹബന്ധം എന്നും നിലനിൽക്കട്ടെയെന്നും സാജുവിന് പിറന്നാൾ ആശംസകളും നേർന്നുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Comments (0)