തൃശൂര്‍: സംസ്ഥാനത്ത് ഞെട്ടിച്ച് സ്വര്‍ണ റെയ്ഡ്. തൃശൂരില്‍ ജിഎസ്ടി സ്വര്‍ണ റെയ്ഡില്‍ അഞ്ച് കൊല്ലത്തിനിടെ നടന്നത് ആയിരം കോടിയുടെ നികുതി വെട്ടിപ്പെന്ന് കണ്ടെത്തിയതായി പ്രാഥമിക നിഗമനം. വിറ്റുവരവ് മറച്ചുവച്ചായിരുന്നു നികുതി വെട്ടിപ്പ്. പ്രതിമാസം 10 കോടി വിറ്റുവരവുള്ള സ്ഥാപനം രണ്ട് കോടി മാത്രമാണ് കണക്കില്‍ കാണിച്ചത്. വിശദപരിശോധനയ്ക്ക് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി 41 യൂണിറ്റുകളിലെ 241 ഉദ്യോഗസ്ഥര്‍ക്ക് ചുമതലപ്പെടുത്തി. 90 ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കാന്‍ ജിഎസ്ടി സ്‌പെഷ്യല്‍ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. ‘കള്ളക്കടത്ത് മേഖലയെ തിരിഞ്ഞുനോക്കാതെ നിയമപരമായി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള വ്യാപാര, നിര്‍മാണശാലകളില്‍ മാത്രം റെയ്ഡ് നടത്തി ജിഎസ്ടി ഉദ്യോഗസ്ഥര്‍ മേഖലയെ ആകെ നികുതിവെട്ടിപ്പുകാരായി ചിത്രീകരിക്കുകയാണെന്ന്’, ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ‘സ്വര്‍ണം പിടിച്ചതിന്റെയും നികുതി വെട്ടിപ്പിന്റെയും കണക്കുകള്‍ പെരുപ്പിച്ച് കാട്ടുകയാണ് ഉദ്യോഗസ്ഥരെന്നും’, സംഘടന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ട്രഷറര്‍ എസ് അബ്ദുല്‍ നാസറും കുറ്റപ്പെടുത്തി. സര്‍ക്കാരിലേക്ക് ഏറ്റവും കൂടുതല്‍ നികുതി വരുമാനം നല്‍കുന്ന സ്വര്‍ണ വ്യാപാര മേഖല തകര്‍ക്കാന്‍ മാത്രമേ അനാവശ്യ റെയ്ഡുകള്‍ ഉപകരിക്കൂവെന്നും നേതാക്കള്‍ വിമര്‍ശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5