ദുബായ്: ദുബായിലെ അല്‍ മക്തൂം പാലം ഇന്ന് മുതല്‍ ഏതാനും മാസത്തേക്ക് അടച്ചിടുന്നു. ദുബായിലെ ഏറ്റവും പഴയ പാലങ്ങളിലൊന്നും ദെയ്‌റ, ബര്‍ ദുബായ് ജില്ലകളെ ബന്ധിപ്പിക്കുന്ന എമിറേറ്റിലെ ഏറ്റവും തിരക്കേറിയ പാലങ്ങളിലൊന്നാണ്. പാലത്തിന്റെ പ്രധാനപ്പെട്ട അറ്റകുറ്റപ്പണികള്‍ക്കായാണ് അടച്ചിടുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പാലത്തിന്റെ സുസ്ഥിരതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിന് ദിവസേനയുള്ള പ്രതിരോധ, പതിവ് അറ്റകുറ്റപ്പണികള്‍ക്കു പുറമെ വര്‍ഷത്തിലൊരിക്കല്‍ സമഗ്ര നവീകരണത്തിനായി പാലം അടച്ചിടാറുണ്ട്.
പാലം അടച്ചിടുക എന്നെല്ലാം?
ഇന്ന് ഒക്ടോബര്‍ 27 ഞായറാഴ്ച മുതല്‍ 2025 ജനുവരി 16 വരെ പാലം ഭാഗികമായാണ് അടച്ചിടുക. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാത്രി 11 മുതല്‍ രാവിലെ 5 വരെയും ഞായറാഴ്ചകളില്‍ 24 മണിക്കൂറും പാലം അടച്ചിടും.
ബദല്‍ റൂട്ടുകള്‍?
- അല്‍ ഗര്‍ഹൂദ് പാലം: ശെയ്ഖ് സായിദ് റോഡ് (E11), ബനിയാസ് റോഡ് (D85), ശെയ്ഖ് റാഷിദ് റോഡ് (D75), ഔദ് മേത്ത റോഡ് (D79) എന്നിവ വഴി യാത്ര ചെയ്യുന്നവര്‍ക്ക് എടുക്കാവുന്ന ബദല്‍ പാലമാണിത്.
- ബിസിനസ് ബേ പാലം: അല്‍ ഖൈല്‍ റോഡിലൂടെ (D68) വാഹനമോടിക്കുന്നവര്‍ക്ക് ഈ പാലം ഉപയോഗിക്കുന്നതാവും കൂടുതല്‍ എളുപ്പം. ബനിയാസ് റോഡ് (D85), ശെയ്ഖ് റാഷിദ് റോഡ് (D75), റിബാത്ത് സ്ട്രീറ്റ് (D83), ഔദ് മേത്ത റോഡ് (D79) എന്നിവ വഴി യാത്ര ചെയ്യുന്നവര്‍ക്കും ഈ പാലം ഉപയോഗിക്കാം.
- അല്‍ ഷിന്ദഗ ടണല്‍: ദെയ്റയിലേക്കും ബര്‍ ദുബായിലേക്കും സെന്‍ട്രല്‍ മാര്‍ക്കറ്റുകളിലേക്കും സമീപപ്രദേശങ്ങളിലേക്കും പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ റൂട്ടാണ് കൂടുതല്‍ അനുയോജ്യം. അല്‍ ഖലീജ് സ്ട്രീറ്റ് (D92), ബനിയാസ് റോഡ് (D85) വഴിയുള്ള യാത്രക്കാര്‍ക്കും ഈ തുരങ്കം വഴി യാത്ര ചെയ്യാം..
- ഇന്‍ഫിനിറ്റി ബ്രിഡ്ജ്: അല്‍ മക്തൂം പാലത്തിന്റെ സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന മറ്റൊരു റൂട്ടാണിത്. അല്‍ ഷിന്ദഗ ടണലിന് സമീപം സ്ഥിതി ചെയ്യുന്ന, ഇന്‍ഫിനിറ്റി ബ്രിഡ്ജ് റോഡ് (D85), അല്‍ ഖലീജ് സ്ട്രീറ്റ് (D92), ഖാലിദ് ബിന്‍ അല്‍ വലീദ് റോഡ് (D79) എന്നിവയിലാണെങ്കില്‍ പുതുതായി നിര്‍മ്മിച്ച ഈ പാലം വഴി പോകാം.