അബുദാബി: ഇറാന്‍- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി. ഈ മാസം ആദ്യം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമായി ശനിയാഴ്ച പുലര്‍ച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ജോര്‍ദാന്‍, ഇറാന്‍, ഇറാഖ്, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കുള്ള ദുബായ് ആസ്ഥാനമായുള്ള ഫ്‌ളൈ ദുബായ് വിമാനങ്ങളാണ് റദ്ദാക്കിയത്. ചില വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി എയര്‍ലൈന്‍ വക്താവ് സ്ഥിരീകരിച്ചു. ബാഗ്ദാദിലേയ്ക്കും ടെഹ്റാനിലേയ്ക്കുമുള്ള വിമാനങ്ങള്‍ ഈ മാസം 30 വരെ റദ്ദാക്കിയതായി എമിറേറ്റ്‌സ് അറിയിച്ചു. ബാഗ്ദാദിലേയ്ക്കും ടെഹ്റാനിലേയ്ക്കും ദുബായ് വഴി ട്രാന്‍സിറ്റ് ചെയ്യുന്ന യാത്രക്കാര്‍ ഈ മാസം 30 വരെ യാത്ര ചെയ്യരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം, ഇറാന്റെ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരായ ഇസ്രയേല്‍ ആക്രമണത്തെത്തുടര്‍ന്ന് താത്ക്കാലികമായി നിര്‍ത്തിവച്ചതിന് ശേഷം ഇറാനും ഇറാഖും വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9 മണി മുതല്‍ ഇറാന്‍ വിമാനങ്ങള്‍ പുനരാരംഭിക്കുമെന്ന് അര്‍ദ്ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തസ്നിം റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5