രാജ്യത്ത് രണ്ട് മാസം നീണ്ടു നിന്ന പൊതുമാപ്പ് ഇന്ന് അവസാനിക്കാനിക്കും. അതേസമയം അനധികൃത താമസക്കാരെ ജോലിക്കെടുക്കുന്ന സ്ഥാപനത്തിന് 10 ലക്ഷം ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി), ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയാണ് ഇക്കാര്യം അറിയിച്ചത്. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ നിയമാനുസൃതമാക്കി രാജ്യത്ത് തുടരാനോ നൽകിയ 2 മാസത്തെ അവസരം ആയിരക്കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. കഴിഞ്ഞ 3 ദിവസങ്ങളിലായി പൊതുമാപ്പ് കേന്ദ്രങ്ങളിലേക്ക് വൻ തിരക്കായിരുന്നു. ഇന്നും വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസത്തെ സാവകാശം നൽകിയിട്ടും പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ യുഎഇയിൽ തുടരുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്. പിടിക്കപ്പെട്ടാൽ അനധികൃത താമസത്തിനുള്ള മുഴുവൻ പിഴയും അടയ്ക്കേണ്ടിവരും. പൊതുമാപ്പ് പരിപാടിയിലൂടെ രാജ്യം വിടുന്നവർക്ക് പുതിയ വിസയിൽ ഏതു സമയത്തും തിരിച്ചുവരാമെന്ന് ജിഡിആർഎഫ്എയിലെ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് ഡപ്യൂട്ടി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ കേണൽ അബ്ദുല്ല ആതിഖ് പറഞ്ഞു. അതിനാൽ പൊതുമാപ്പ് പ്രയോനപ്പെടുത്താനുള്ള അവസാന അവസരം പാഴാക്കരുതെന്നും പറഞ്ഞു. പുതിയ ജോലിക്കായി കാത്തിരിക്കാതെ നാട്ടിലേക്കു പോയി പുതിയ വിസയിൽ തിരിച്ചെത്താമെന്നും ഓർമിപ്പിച്ചു. നവംബർ ഒന്ന് മുതൽ രാജ്യത്തുടനീളം കർശന പരിശോധനകളായിരിക്കും ഏകോപിക്കുക. വലിയ കമ്പനികൾ മുതൽ ചെറുകിട സ്ഥാപനങ്ങളും കൃഷിയിടങ്ങളിലും വരെ പരിശോധന നടത്തും. പിടിക്കപ്പെട്ടാൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. നിയമലംഘകർക്ക് ജോലിയും അഭയവും നൽകുന്നവർക്ക് കുറ്റത്തിന്റെ ഗൗരവും അനുസരിച്ച് ഒരു ലക്ഷം ദിർഹം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നും ഓർമിപ്പിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5