അബുദാബി: യുഎഇയിൽ അടുത്ത വർഷം വരാനിരിക്കുന്നത് പുതിയ തൊഴിൽ അവസരങ്ങൾ. അമേരിക്കയിലെയും ഇന്ത്യയിലെയും തെരഞ്ഞെടുപ്പുകൾക്ക് ശേഷമാകും കൂടുതൽ നിയമനം പ്രതീക്ഷിക്കുന്നത്. ഒപ്പം രാജ്യത്തെ ബിസിനസ് വളർച്ചയും കൂടുതൽ തൊഴിൽ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ അഞ്ചിൽ മൂന്നിൽ കൂടുതൽ നേതാക്കൾ അല്ലെങ്കിൽ 63 ശതമാനം പേരും അടുത്ത 12 മാസത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി റോബർട്ട് ഹാഫ് പുറത്തിറക്കിയ 2025 ലെ സാലറി ഗൈഡിൽ പറയുന്നു. പല രാജ്യങ്ങളും തെരഞ്ഞെടുപ്പ് തിരക്കിലാണ്. അതിനാൽ നിലവിൽ തൊഴിലുടമകൾ നിയമനം ചവിട്ടി പിടിച്ചിരിക്കുകയാണ്. എന്നാൽ, 2025 ന്റെ ആരംഭത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന്റെ തിരക്കിലായിരിക്കും അവരെന്ന് സാലറി ഗൈഡിൽ ചൂണ്ടിക്കാട്ടുന്നു. യുഎസും ഇന്ത്യയും ഉൾപ്പെടെ പല പ്രധാന രാജ്യങ്ങളും തെരഞ്ഞെടുപ്പുകൾ നടത്തിയതിനാൽ ഈ വർഷം തെരഞ്ഞെടുപ്പുകളുടെ വർഷമായി കണക്കാക്കുന്നു. തെരഞ്ഞെടുപ്പ് നടന്ന രാജ്യങ്ങളിൽ ആര് ഭരിക്കുമെന്ന വ്യക്തമായ ചിത്രം ലഭിക്കാത്തതിനാൽ വിപുലീകരണ പദ്ധതികളും റിക്രൂട്ട്‌മെൻ്റും നിർത്തിവയ്ക്കാൻ പല വൻകിട കമ്പനികളെയും പ്രേരിപ്പിച്ചു. 2025ൽ തങ്ങളുടെ സ്ഥാപനങ്ങളുടെ വളർച്ചാ സാധ്യതകളെക്കുറിച്ച് 10ൽ ഏഴ് ബിസിനസ് നേതാക്കളും അല്ലെങ്കിൽ 67 ശതമാനം പേരും ആത്മവിശ്വാസത്തിലാണ്. റിക്രൂട്ട്‌മെൻ്റ് കൺസൾട്ടൻസി റോബർട്ട് ഹാഫിൻ്റെ 2025 ലെ സാലറി ഗൈഡ് അനുസരിച്ച്, തൊഴിലാളികളെ കണ്ടെത്തുന്നത് എളുപ്പമാണെങ്കിലും ശരിയായ വൈദഗ്ധ്യമുള്ള ഉദ്യോഗാർഥികളെ കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് ഏകദേശം പകുതിയോളം ബിസിനസ് നേതാക്കൾ അല്ലെങ്കിൽ 47 ശതമാനം പേരും പറയുന്നു. മൂന്നിൽ രണ്ട് പേർ അതായത് 65 ശതമാനം പേർ 2025 അവസാനിക്കുന്നതിന് മുൻപ് ഒരു പുതിയ ജോലി തേടുമെന്ന് റോബർട്ട് ഹാഫ് പഠനം വെളിപ്പെടുത്തുന്നു. അവരിൽ 30 ശതമാനം പേരും വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് അവരുടെ നീക്കത്തിന് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5