അബുദാബി: മെലിഹ പാൽ വൈറലായതിന് പിന്നാലെ ഷാർജയിലെ ഫാമുകളിൽ പശുക്കളുടെ രണ്ടാം ബാച്ചെത്തി. ‘A2A2’ വിഭാഗത്തിൽപ്പെട്ട 1,300 പുതിയ പശുക്കളാണ് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഓർഗാനിക് പാലിന്റെയും പാൽ ഉത്പ്പന്നങ്ങളുടെയും ഉയർന്ന ആവശ്യകത കണക്കിലെടുത്ത് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 20,000 ശുദ്ധമായ പശുക്കളെ സ്വന്തമാക്കാനാണ് ഫാം പദ്ധതിയിടുന്നത്. ഓഗസ്റ്റിലാണ് മെലിഹ പാൽ പുറത്തിറക്കിയത്. പാലിനായി താമസക്കാർ രാവിലെ 6 മണി മുതൽ വരിവരിയായി നിൽക്കുന്നു. ഉപഭോക്താക്കൾ നേരത്തെ തന്നെ റീട്ടെയിൽ സ്റ്റോറുകളിൽ എത്തിയില്ലെങ്കിൽ, രാവിലെ 10 മണിക്കുള്ളിൽ ഏകദേശം 4,000 ലിറ്റർ പ്രതിദിന ബാച്ച് വിറ്റുതീരുന്ന സാഹചര്യം ഉണ്ടായി. 2025 ന് മുൻപ് പാൽ ഉത്പന്നങ്ങൾ വ്യാപിപ്പിക്കാനാണ് പദ്ധതി. തൈര്, കുട്ടികൾക്കുള്ള പാൽ, കൂടുതൽ കാലം സൂക്ഷിച്ചു വയ്ക്കാവുന്ന പാൽ എന്നിവയിലേക്ക് പദ്ധതി വിപുലീകരിക്കും. പുതിയ പശുക്കളുടെ വരവോടെ ആകെ പശുക്കളുടെ എണ്ണം 2,500 ആയി ഉയർന്നു. എല്ലാ പശുക്കൾക്കും ജൈവ തീറ്റയാണ് നൽകുന്നത്. രാസവളങ്ങൾ, കീടനാശിനികൾ, ജനിതകമാറ്റം വരുത്തിയ ജീവികൾ എന്നിവയിൽ നിന്ന് മുക്തമാണ് ഇവയുടെ ഭക്ഷണം. ഇതിലൂടെ ഉയർന്ന ഗുണനിലവാരമുള്ള പാൽ ഉൽപാദനം ഉറപ്പാക്കുന്നു. 2025 അവസാനത്തോടെ കന്നുകാലികളുടെ എണ്ണം 8,000 ആയി ഉയർത്താൻ ലക്ഷ്യമിടുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് ഈ വിപുലീകരണം. അടുത്ത വർഷത്തിൻ്റെ തുടക്കത്തോടെ ഫാമിന് 1,500 പശുക്കളുടെ മൂന്നാമത്തെ ബാച്ച് ലഭിച്ചേക്കും. ഇത് 2027 ഓടെ ഫാമിൽ കന്നുകാലികളുടെ എണ്ണം 20,000-ലേക്ക് ഉയരും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5