ഷാർജയിലെ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് പോകാൻ ഒരുങ്ങുകയാണോ… എങ്കിൽ ഒട്ടും മടിക്കേണ്ട, സുഗമവും വേഗതയേറിയതും കൂടുതൽ സുഖപ്രദവുമായ യാത്ര വാഗ്ദാനം ചെയ്യുന്ന ദുബായ്- ഷാർജ ഫെറിയിൽ സഞ്ചരിക്കാം. യാത്രാ ചെലവ് വെറും 15 ദിർഹം. സാധാരണയുള്ള ഗതാഗതത്തിരക്ക് ഉണ്ടാകില്ല. അൽ ഗുബൈബ മറൈൻ സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഫെറി ഷാർജ അക്വേറിയത്തിൽ എത്തിക്കും. ഏകദേശം 35 മിനിറ്റ് സമയമാകും ദുബായിൽ നിന്ന് ഷാർജയിലേക്ക് എത്താനെടുക്കുക. യാത്രയിൽ തീരപ്രദേശത്തിൻ്റെ അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. സുഖകരവും വിശ്രമിക്കുന്നതുമായ അനുഭവം ഉറപ്പാക്കുന്ന സിൽവർ ക്ലാസ് അല്ലെങ്കിൽ ഗോൾഡ് ക്ലാസ് എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കാം. സിൽവർ ക്ലാസിൽ മുതിർന്നവർക്ക് 15 ദിർഹവും (വൺ-വേ) ഗോൾഡ് ക്ലാസിൽ മുതിർന്നവർക്ക് (വൺവേ) 25 ദിർഹവും മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 5 വയസിന് താഴെയുള്ള കുട്ടികൾക്കും ശാരീരിക വൈകല്യമുള്ളവർക്കും യാത്ര സൗജന്യമാണ്. ഷാർജയിൽ എത്തിക്കഴിഞ്ഞാൽ, ഷാർജ അക്വേറിയം ഏരിയയിൽ നിന്ന് ഷാർജ എക്‌സ്‌പോയിലേക്ക് പ്രവർത്തിക്കുന്ന 10 ബോട്ടുകളിലൊന്ന് സന്ദർശകരെ പരിപാടി നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകും. യാത്രയ്ക്ക് ഏകദേശം മിനിറ്റുകൾ മാത്രമായിരിക്കും എടുക്കുക. ബോട്ട് സവാരി സൗജന്യമാണ്. പുതിയ ഫെറി സർവീസ് കൂടാതെ, മേളയിൽ മറ്റ് നിരവധി സന്ദർശക സൗഹൃദ സംരംഭങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. ഷാർജ എക്‌സ്‌പോ സെൻ്ററിൽ 1,500 ലധികം സൗജന്യ പാർക്കിങ് സ്ഥലങ്ങൾ ലഭ്യമാണ്. സന്ദർശകർക്ക് പാർക്കിങ് സ്ഥലത്തിനായി തെരയുന്നതിൻ്റെ സമ്മർദ്ദം ഒഴിവാക്കാനാകും. മേളയിൽ സ്മാർട്ട് അന്വേഷണ സ്റ്റേഷനുകളും (സ്മാർട്ട് ഇൻക്വയറി സ്റ്റേഷൻ) അവതരിപ്പിച്ചു. ആവശ്യമായ പുസ്‌തകങ്ങൾ, പ്രസാധകർ, ഇവൻ്റുകൾ എന്നിവയ്‌ക്കായി എളുപ്പത്തിൽ അന്വേഷിക്കാൻ ഇവ സന്ദർശകരെ അനുവദിക്കുന്നു. നവംബർ 17 വരെ പ്രവർത്തിക്കുന്ന പുസ്തക മേള 112 രാജ്യങ്ങളിൽ നിന്നുള്ള 2,520ലധികം പ്രസാധകർക്ക് ആതിഥേയത്വം വഹിക്കുന്നു. വരും ദിവസങ്ങളിൽ 500 സാംസ്കാരിക പ്രദർശനങ്ങളും സാഹിത്യ വായനയും ശിൽപശാലകളും ഉൾപ്പെടെ 1,357 വിവിധ പരിപാടികളും ഉണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5