ദുബായ്: ദുബായിലെ ഏറ്റവും വലിയ സൈക്ലിങ് പരിപാടിയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം. സൈക്ലിങ് പരിപാടിയിലെ മുഖ്യ ആകർഷണമാണ് ദുബായ് റൈഡ്. ഇതിൽ പങ്കെടുക്കുന്നവർക്ക് കരീമിന്റെ വാടക ബൈക്കുകൾ സൗജന്യമായി ഉപയോഗിക്കാം. ബൈക്ക് ഷെയറിങ് കമ്പനിയായ കരീമിന്റെയും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും (ആർടിഎ) സഹകരണത്തോടെയാണ് ബൈക്ക് ബൈക്ക് സൗജന്യമായി നൽകുന്നത്. ദുബായ് റൈഡിന്റെ രണ്ട് റൂട്ടുകളും പുലർച്ചെ അഞ്ച് മണിക്ക് തുറക്കും. രാവിലെ 6.15 മുതൽ എട്ട് മണിവരെയാണ് ദുബായ് റൈഡിന്റെ സമയം. തുടർച്ചയായ മൂന്നാം വർഷമാണ് കരീം ആർടിഎയുമായി ദുബായ് റൈഡിനായി സഹകരിക്കുന്നത്. ദുബായ് റൈഡിൽ താമസക്കാർക്കും വിനോദസഞ്ചാരികൾക്കും മികച്ച അനുഭവങ്ങൾ സമ്മാനിക്കാനാണ് ശ്രമിക്കുന്നതെന്ന് കരീമിലെ ഓപ്പറേഷൻസ് സീനിയർ ഡയറക്ടർ സാമി അമിൻ പറഞ്ഞു. ദുബായ് ഡൗൺടൗൺ വഴിയുള്ള നാല് കിലോമീറ്റർ, ശൈഖ് സായിദ് റോഡിലൂടെയുള്ള 12 കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് റൈഡിനുള്ളത്. ദുബായ് സ്പീഡ് ലാപ്‌സ് എന്ന പേരിൽ പുതിയൊരു പരിപാടി കൂടി ഇത്തവണ ദുബായ് റൈഡിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. രണ്ട് പരിപാടികൾക്കും ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം.
കരീം ബൈക്കുകൾ എവിടെനിന്ന് കിട്ടും – എൻട്രൻസ് എ- മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ (ട്രേഡ് സെന്റർ സ്ട്രീറ്റ്), എൻട്രൻസ് ഇ- ലോവർ എഫ്.സി.എസ്. (ഫിനാൻഷ്യൽ സെന്റർ റോഡ്) എന്നിവിടങ്ങളിലെ കരീം ബൈക്കിന്റെ പോപ്പ്-അപ്പ് സ്റ്റേഷനുകളിൽനിന്ന് താമസക്കാർക്കും വിനോദസഞ്ചാരികൾക്കും വാടക ബൈക്കുകൾ സൗജന്യമായി എടുക്കാം.