കഴിഞ്ഞ നാലര വർഷത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഒരു ടണിലേറെ സ്വർണ്ണം പിടികൂടി. 570 കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി എന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. 2020 ജനുവരി മുതൽ ഇക്കഴിഞ്ഞ സെപ്റ്റംബർ വരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയ സ്വർണ്ണത്തിന്‍റെ കണക്കാണ് പുറത്തുവന്നത്. അതേസമയം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും എത്ര സ്വർണ്ണം പിടികൂടി എന്ന വിവരം കസ്റ്റംസ് പുറത്തുവിടുന്നില്ല. 1042.67 കിലോ അനധികൃത സ്വർണ്ണമാണ് 2020 മുതൽ 2024 സെപ്റ്റംബർ വരെ പിടികൂടിയത്. ഇതിൻ്റെ മൂല്യം ഏകദേശം 570.68 കോടി രൂപയാണ്. കഴിഞ്ഞവർഷം മാത്രം കരിപ്പൂരിൽ നിന്ന് പിടികൂടിയത് 284 കിലോയിലേറെ സ്വർണ്ണമാണ്. ഓരോ വർഷവും പിടികൂടിയ സ്വർണ്ണത്തിന്റെ കണക്ക് പരിശോധിച്ചാൽ വർധനവ് കാണാം. 2020ൽ 137 കിലോയാണ് പിടികൂടിയതെങ്കിൽ കഴിഞ്ഞ വർഷം അത് 284 ന് മുകളിലേക്ക് ഉയർന്നു. ഈ വർഷം സെപ്റ്റംബർ വരെ 130 കിലോയിലേറെ സ്വർണ്ണമാണ് പിടികൂടിയതെന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു. അതേസമയം സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങൾ വഴി എത്ര സ്വർണം കടത്തി എന്ന് ചോദ്യത്തിന് കസ്റ്റംസിന് മറുപടിയില്ല. വിവരാവകാശ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരം ഈ വിവരം പുറത്തുവിടാനാവില്ലെന്ന വിചിത്ര മറുപടിയാണ് കസ്റ്റംസ് നൽകുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5