ദുബായ്: യുഎഇയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്‍റായ ദുബായ് റൈഡിന്‍റെ അഞ്ചാം പതിപ്പ് ആരംഭിച്ചു. ഇന്ന് (നവംബര്‍ 10, ഞായറാഴ്ച) രാവിലെ ആറ് മണിയ്ക്കാണ് റൈഡ് ആരംഭിച്ചത്. 10 മണിവരെ നടക്കും. ദുബായ് റൈഡ് നടക്കുന്നതിനാല്‍ നഗരത്തിലെ മൂന്ന് പ്രധാന റോഡുകള്‍ താത്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അധികൃതര്‍ അറിയിച്ചു. ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ എന്നിങ്ങനെ നഗരത്തിലെ പ്രധാന ലാൻഡ്മാർക്കുകൾക്ക് മുന്നിലൂടെയാകും സൈക്കിൾ സവാരി. 21 വയസിന് മുകളിലുള്ള പരിചയസമ്പന്നരായ റൈഡർമാർക്കായി ഇത്തവണ ദുബായ് സ്പീഡ് ലാപ്‌സ് എന്ന പുതിയ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. പുലർച്ചെ അഞ്ച് മുതൽ ആറ് മണിവരെയാണ് സ്പീഡ് ലാപ്‌സിന്റെ സമയം.
താത്കാലികമായി അടച്ചിടുന്ന റോഡുകള്‍
ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും സെക്കൻഡ് ബ്രിഡ്ജിനും ഇടയിലുള്ള ശൈഖ് സായിദ് റോഡിന്റെ ഒരു ഭാഗം, ശൈഖ് സായിദ് റോഡിന്റെയും അൽ ഖൈൽ റോഡിന്റെയും ഇടയിലെ ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിൽനിന്നുള്ള വൺവേ – പുലർച്ചെ 3.30 മുതൽ രാവിലെ 10 മണിവരെ അടച്ചിടും.
ഇതര മാര്‍ഗങ്ങള്‍
അൽ മുസ്താഖ്ബാൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ് എന്നിവ വാഹനയാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. ദുബായ് മെട്രോയുടെ പച്ച, ചുവപ്പ് ലൈനുകൾ ഞായറാഴ്ച പുലർച്ചെ മൂന്ന് മുതൽ അർധരാത്രി 12 മണിവരെ പ്രവർത്തിക്കും. ദുബായ് റൈഡിൽ പങ്കെടുക്കാനെത്തുന്നവർക്ക് യാത്രാ സേവനങ്ങൾ ലഭ്യമാക്കാനാണ് പ്രവർത്തന സമയം നീട്ടിയത്.
സ്വന്തമായി സൈക്കിൾ ഇല്ലാത്തവർക്ക് റൈഡിൽ പങ്കെടുക്കുക്കാൻ സൗജന്യ സൈക്കിളുകളും ബൈക്കും നൽകുമെന്നു കരീമും അറിയിച്ചിട്ടുണ്ട്.
റൈഡ് നടക്കുന്നത് ഏത് റൂട്ടുകളില്‍
ശൈഖ് സായിദ് റോഡിലൂടെയുള്ള 12 കിലോമീറ്റർ, ഡൗൺ ടൗൺ ദുബായിലൂടെയുള്ള നാല് കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് റൈഡിനുള്ളത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5