ഷാര്‍ജ: ക്രിസ്മസും പുതുവത്സരവും അടുത്തതോടെ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍. ക്രിസ്മസും പുതുവത്സരവും ആഘോഷിക്കാന്‍ യുഎഇയില്‍നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്ക് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്നത് വന്‍ തിരിച്ചടിയാകും. നിലവിലെ നിരക്കുകളെക്കാൾ മൂന്നിരട്ടി വര്‍ധന ഡിസംബറില്‍ പ്രതീക്ഷിക്കാം. ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്താലും നിരക്കുകളിൽ കുറവുണ്ടാകില്ലെന്ന് ട്രാവൽ ഏജൻസി അധികൃതർ പറയുന്നു. നവംബറില്‍ ശരാശരി 400 ദിർഹത്തിന് (ഏകദേശം 9,188 രൂപ) യുഎഇയിൽനിന്ന് കേരളത്തിലേക്ക് യാത്രചെയ്യാനാകും. എന്നാൽ, ഡിസംബർ 10നുശേഷം 850 ദിർഹം (ഏകദേശം 19,525 രൂപ) മുതൽ മുകളിലേക്കാണ് റാസ് അല്‍ ഖൈമയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാനനിരക്കായി ഈടാക്കുക. യുഎഇയിലെ മറ്റ് വിമാനത്താവളങ്ങളിൽനിന്ന് 1000 ദിർഹത്തിന് (ഏകദേശം 22,971 രൂപ) മുകളിലാണ് നിരക്ക്. അബുദാബി, ദുബായ് എന്നിവിടങ്ങളിലെ സ്കൂളുകള്‍ ഡിസംബര്‍ 13 മുതല്‍ ജനുവരി ആറുവരെയും ഷാർജയിൽ ഡിസംബർ 23 മുതൽ ജനുവരി ആറുവരെയും റാസൽഖൈമ, ഉമ്മുൽഖുവൈൻ എന്നീ എമിറേറ്റുകളിൽ ഡിസംബർ 14 മുതൽ ജനുവരി അഞ്ചുവരെയായിരിക്കും സ്കൂൾ അവധിദിനങ്ങൾ. അതിനാൽ ഭൂരിഭാഗം കുടുംബങ്ങളും ഡിസംബർ 10 മുതൽ ജനുവരി 10 വരെയായിരിക്കും യാത്ര ചെയ്യാന്‍ സാധ്യത. അതുകൊണ്ടാണ് ഈ സമയത്ത് കമ്പനികള്‍ വിമാനയാത്രാനിരക്കിൽ വൻ വർധന ഏർപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5