ഷാർജ: യുഎഇയിലുണ്ടായ അപകടത്തിൽ രണ്ട് പിഞ്ചു കുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവറെ അറസ്റ്റുചെയ്തതായി ഷാർജ പോലീസ് അറിയിച്ചു. ഈ മാസം എട്ടിന് അൽ ബാദിയ പാലത്തിന് സമീപം എമിറേറ്റ്സ് റോഡിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ അഞ്ചും ഏഴും വയസ്സുള്ള ഇമാറാത്തികളായ കുട്ടികളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റവരെ ഹെലികോപ്ടറിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് കുട്ടികളെ രക്ഷപ്പെടുത്താനായില്ല. അബുദാദബി സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ. ഷാർജയിൽ ബന്ധുക്കളെ സന്ദർശിച്ച് അബുദബിയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. തിരക്കേറിയ റോഡിലൂടെ അമിത വേഗത്തിൽ ഓടിച്ച കാർ നിയന്ത്രണംവിട്ട് നാല് വാഹനങ്ങളിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ രണ്ട് ഡ്രൈവർമാരും രണ്ട് യാത്രക്കാരും ഉൾപ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. പോലീസ്, നാഷനൽ ആംബുലൻസ് ടീമുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടം വരുത്തിയ ഡ്രൈവർക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. തുടർന്ന് ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവറുടെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചതായി ട്രാഫിക് പട്രോൾസ് ഡിപ്പാർട്മെന്റ് തലവൻ ലഫ്റ്റനന്റ് കേണൽ അബ്ദുല്ല അൽ മന്ദാരി പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A