ദുബായ്: യുഎഇയിൽ കേരളത്തേക്കാൾ സ്വർണവില കുറവ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സ്വർണവിലയിൽ റെക്കോർഡ് നിരക്കിലുള്ള കുറവാണ് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്. വില കുത്തനെ കുറഞ്ഞതോടെ യുഎഇയിലെ നിവാസികളും പ്രവാസികളും മാത്രമല്ല വിനോദസഞ്ചാരികൾ വരെ സ്വർണം വാങ്ങിക്കൂട്ടുകയാണ്. വെള്ളിയാഴ്ച (ഇന്നലെ) ഒരു ഗ്രാം സ്വർണത്തിന് 287.50 ദിർഹമാണ് യുഎഇയിൽ വില. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ ഗ്രാമിന് 6609.94 ഉം പവന് 52879 രൂപയുമാണ്. കേരളത്തിലെ ഇന്നത്തെ വിലയായ 55,560 തിനേക്കാള്‍ 2,679 രൂപ കുറവാണ് യുഎഇയില്‍ ഒരു പവന് വില. അതേസമയം, സ്വർണവില കുത്തനെ കൂടിയ ഒക്ടോബർ മാസത്തിൽ ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ എത്തുന്നവരുടെ എണ്ണം കുറവായിരുന്നു. വില കുറഞ്ഞതോടെ നിരവധി ആളുകളാണ് സ്വർണം വാങ്ങാനെത്തുന്നത്. യുഎഇയിലെ ഏറ്റവും മികച്ച വിനോദ സീസണിലാണ് ഈ വിലയിടിവ് ഉണ്ടായിരിക്കുന്നത്. വിനോദ സഞ്ചാരികളില്‍ വലിയൊരു വിഭാഗം ജ്വല്ലറികളിലേക്ക് എത്തുന്നുണ്ട്. കഴിഞ്ഞ 14 ദിവസങ്ങള്‍ക്ക് ഇടയിലാണ് ഈ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതെന്ന് ഗോള്‍ഡ് സൂക്കിലെ ഒരു സ്വർണ വ്യാപാരി പറഞ്ഞു. ഇറക്കുമതി നികുതി അടക്കമുള്ള ഘടകങ്ങളാണ് ഇന്ത്യയിലെ വില യുഎഇയേക്കാള്‍ ഉയരാനുള്ള പ്രധാന കാരണം.