അബുദാബി: രണ്ട് മണിക്കൂറൊന്നും വേണ്ട, വെറും 57 മിനിറ്റിൽ അബുദാബിയിൽനിന്ന് ദുബായിലെത്താം. ഗതാഗതതിരക്കും മറ്റും ഒഴിവാക്കി മണിക്കൂറിൽ 200 കിലോ മീറ്റർ വേഗതയിൽ യാത്ര ചെയ്യാം. സ്വപ്നമല്ല, അടുത്ത് തന്നെ ഇത് യാഥാർഥ്യമാകും. തലസ്ഥാനത്തെ മറ്റ് രണ്ട് എമിറേറ്റുകളുമായി ബന്ധിപ്പിക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം ഇത്തിഹാദ് റെയിൽ പ്രഖ്യാപിച്ചു. അൽ റുവൈസ് അബുദാബിയിൽ നിന്ന് 240 കിലോമീറ്റർ അകലെയാണെങ്കിലും തലസ്ഥാനത്ത് നിന്ന് അൽ റുവൈസിലേക്കുള്ള യാത്രയ്ക്ക് 70 മിനിറ്റ് മാത്രമേ സമയം എടുക്കൂ. കൂടാതെ, അബുദാബിയിൽ നിന്ന് കിഴക്കൻ എമിറേറ്റായ ഫുജൈറയിലേക്കുള്ള യാത്രയ്ക്ക് 105 മിനിറ്റ് എടുക്കും. കൂടുതൽ ലക്ഷ്യസ്ഥാനങ്ങളും സമയവും അധികൃതർ ഉടൻ വെളിപ്പെടുത്തും. റുവൈസ്, അൽ മിർഫ, ഷാർജ, അൽ ദൈദ്, അബുദാബി, ദുബായ് എന്നിവയുൾപ്പെടെ അൽ സില മുതൽ ഫുജൈറ വരെ വ്യാപിച്ചുകിടക്കുന്ന യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ഹൈടെക് പാസഞ്ചർ റെയിൽ സർവീസ് ബന്ധിപ്പിക്കും. പാസഞ്ചർ സ്റ്റേഷനുകളുടെ രണ്ട് സ്ഥലങ്ങൾ അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യത്തേത് ഫുജൈറയിലെ സകംകാമിലും രണ്ടാമത്തേത് ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റിയിലുമാണ്. ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ്. വരും മാസങ്ങളിൽ നിരവധി പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. സർവീസ് ആരംഭിക്കുന്ന തീയതി ഇപ്പോഴും തീർച്ചപ്പെടുത്തിയിട്ടില്ലെങ്കിലും ഒരിക്കൽ പ്രവർത്തനക്ഷമമായാൽ, ഈ സേവനം പ്രതിവർഷം 36.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A