അബുദാബി: യുഎഇയിലെ മലയാളികൾക്കും ഇന്ത്യക്കാർക്കും ഇത് അഭിമാനനിമിഷം. യുഎഇ ലേബർ മാർക്കറ്റ് അവാർഡ് നേടി പത്തനംതിട്ട കൂടൽ സ്വദേശിയും മൂസഫ എൽഎൽഎച്ച് ആശുപത്രി നഴ്സിങ് സൂപ്പർവൈസറുമായ മായ ശശീന്ദ്രൻ. ആരോഗ്യസേവന മികവിന് നഴ്സുമാർ വഹിച്ച പങ്കും ടീമിനെ നയിക്കുന്നതിലുള്ള മികവുമാണ് മായയ്ക്ക് ഈ പുരസ്കാരം നേടിക്കൊടുത്തത്. 17 ലക്ഷം രൂപയുടെ അവാർഡിനൊപ്പം സ്വർണനാണയവും ആരോഗ്യ ഇൻഷുറൻസും മൊബൈൽ ഫോണും ഡിസ്കൗണ്ട് കാർഡും മായയ്ക്ക് ലഭിച്ചു. മായ ആരോഗ്യമേഖലയിൽ 13 വർഷമായി സേവനമനുഷ്ഠിക്കുന്നുണ്ട്. നേരത്തെ ബുർജീൽ ഗ്രൂപ്പിനു കീഴിൽ മികച്ച നഴ്സ്, മികച്ച പെർഫോർമർ, ജെം ഓഫ് ദ് ക്വാർട്ടർ തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ മായയെ തേടിയെത്തിയിട്ടുണ്ട്. കൊവിഡ് കാലത്ത് മലയാളി സമാജം ആദരിച്ച മികച്ച 10 നഴ്സുമാരിലും മായ ഇടംപിടിച്ചിരുന്നു. കുടുംബത്തിന്റെയും മാനേജ്മെന്റിന്റെയും പിന്തുണയാണ് മികച്ച സേവനം നൽകുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നും മായ അവാർഡ് കിട്ടിയതിന് പിന്നാലെ പറഞ്ഞു. പ്രവാസ ലോകത്ത് രോഗികൾക്ക് ആരോഗ്യ, മാനസിക പിന്തുണ നൽകുന്നതിൽ നഴ്സുമാരുടെ സംഭാവന വിലപ്പെട്ടതാണെന്നും ഇക്കാര്യത്തിൽ മായയുടെ സേവനം മാതൃകാപരമാണെന്നും അവാർഡ് സമിതി വിലയിരുത്തി. പത്തനംതിട്ട മായാവിലാസത്തിൽ ശശീന്ദ്രൻെയും ലീലയുടെയും മകളാണ് മായ. ഭർത്താവ് കോട്ടയം സ്വദേശി അജി നൈനാനും മകൻ ആരോണും (അഞ്ചാം ക്ലാസ് വിദ്യാർഥി, ഭവൻസ് പത്തനംതിട്ട) നാട്ടിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A