അബുദാബി: മയക്കുമരുന്ന് കടത്തിയ കേസിൽ യുഎഇയിൽ പ്രവാസിക്ക് ജീവപര്യന്തം തടവും പിഴയും. ദുബായ് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎഇയിൽ സാധാരണ 25 വർഷമാണ് ജീവപര്യന്തം തടവ്. കൂടാതെ, 200,000 ദിർഹം പിഴയും തടവുശിക്ഷയ്ക്ക് ശേഷം ഇയാളെ നാടുകടത്താനും ഉത്തരവിട്ടു. ദുബായ് കസ്റ്റംസാണ് 47കാരനായ മലേഷ്യൻ പൗരനെ മയക്കുമരുന്ന് കടത്ത് കേസിൽ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് വൻതോതിൽ കെറ്റാമൈൻ ഒളിപ്പിച്ച രണ്ട് ചരക്ക് കസ്റ്റംസ് പിടിച്ചെടുത്തു. 2023 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ബെൽജിയത്ത് നിന്ന് വന്ന ചരക്കിൽ വിമാനത്താവള അധികൃതർക്ക് സംശയം തോന്നിയിരുന്നു. പരിശോധനയിൽ 2,892 ഗ്രാം വാട്ടർ ഫിൽട്ടറിൽ ഒളിപ്പിച്ച വെള്ളപ്പൊടി കണ്ടെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരി 28 ന് സൗത്ത് ആഫ്രിക്കയിൽനിന്ന് രണ്ടാമത്ത ചരക്ക് എത്തിയിരുന്നു. കാപ്പി, ചോക്ലേറ്റ്, മധുരപലഹാരങ്ങൾ എന്നിങ്ങനെ ലേബൽ ചെയ്ത പൊതി കണ്ടെത്തി. നാല് പ്ലാസ്റ്റിക് പാത്രങ്ങളിലായി ബ്രൗൺ പൗഡറിന് അടിയിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 3,638 ഗ്രാം വെള്ളപ്പൊടി പരിശോധനയിൽ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ പദാർത്ഥം കെറ്റാമൈൻ ആണെന്ന് സ്ഥിരീകരിച്ചു. 2024 മാർച്ച് 19 ന്, രണ്ടാമത്തെ ചരക്കെടുക്കാൻ പ്രതി ദുബായിലെ അരമെക്‌സിൻ്റെ അൽ സഹ്‌റ ബ്രാഞ്ചിലെത്തി. ഇയാളെ പിടികൂടാനിരുന്ന ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ ഒരു സിംഗപ്പൂർ പാസ്‌പോർട്ട് ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിൽ പാസ്‌പോർട്ട് വ്യാജമാണെന്ന് സമ്മതിക്കുകയും തുടർന്ന് മലേഷ്യൻ പാസ്‌പോർട്ടിൻ്റെ പകർപ്പ് ഇയാൾ ഹാജരാക്കുകയും ചെയ്തു. കോടതി വിചാരണയ്ക്കിടെ മയക്കുമരുന്ന് കള്ളക്കടത്തിലെ പങ്ക് പ്രതി നിഷേധിച്ചപ്പോൾ, കസ്റ്റംസ് ഉദ്യോഗസ്ഥർ സാക്ഷി മൊഴികളും ഫോറൻസിക് തെളിവുകളും സമർപ്പിച്ചു. തുടർന്ന്, ജഡ്ജിമാർ പ്രതിക്ക് ജീവപര്യന്തം തടവും 200,000 ദിർഹം പിഴയും വിധിച്ചു. കേസ് ഇപ്പോൾ അപ്പീൽ കോടതിയിലാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A