റാസൽഖൈമ: അപ്രതീക്ഷിത വേലിയേറ്റത്തെ തുടർന്ന് കടലിൽ കുടുങ്ങിയ യുവാക്കൾക്ക് രക്ഷകരായെത്തിയത് സമീപവാസികൾ. 20കാരായ തദ്ദേശീയരായ യുവാക്കളാണ് കടലിൽ കുടുങ്ങിയത്. യുവാക്കൾ മത്സ്യബന്ധനത്തിലേർപ്പെട്ടിരിക്കുമ്പോൾ പെട്ടെന്ന് വേലിയേറ്റം രൂപപ്പെടുകയായിരുന്നു. കരയിലേക്ക് വരാൻ കഴിയാതെ യുവാക്കൾ കടലിൽ കുടുങ്ങുകയായിരുന്നു. സമീപവാസികളുടെ സാഹസിക രക്ഷാപ്രവർത്തനം തുണയാകുകയായിരുന്നെന്ന് റാസ് അൽ ഖൈമ (റാക്) പോലീസ് വൃത്തങ്ങൾ പറഞ്ഞു. വേലിയേറ്റം കാരണം കരയിലെത്താൻ കഴിയുന്നില്ലെന്ന വിവരം യുവാക്കളിലൊരാൾ റാക് പൊലീസിനെ അറിയിക്കുകയായിരുന്നു. രക്ഷാദൗത്യസേന സംഭവസ്ഥലത്ത് എത്തുന്നതിന് മുൻപെ സമീപവാസികൾ മൂന്നുപേരെയും സുരക്ഷിതമായി കരയിലെത്തിച്ചു. മൂന്ന് പേർക്കും പ്രാഥമിക വൈദ്യ പരിശോധന ലഭ്യമാക്കി. ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തിയതായി അധികൃതർ അറിയിച്ചു. യുവാക്കളെ രക്ഷിക്കുന്നതിൽ പൊതുജനങ്ങളുടെ ഇടപെടൽ പ്രശംസ അർഹിക്കുന്നതായി റാക് പോലീസ് വ്യക്തമാക്കി. കടലിൽ മത്സ്യബന്ധനത്തിലും വിനോദത്തിലും ഏർപ്പെടുന്നവർ മുൻകരുതൽ എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A