ദുബായ്: ആയിരക്കണക്കിന് ഫിറ്റ്നസ് പ്രേമികളുടെ ഒത്തുകൂടലിൽ ദുബായിലെ ഷെയ്ഖ് സായിദ് റോഡ് പച്ചക്കടലായി. നഗരറോഡുകൾ ജോഗിങ് ട്രാക്കുകളായി. നിശബ്ദമായ റോഡ് നിമിഷങ്ങൾക്കുള്ളിൽ ഊർജ്ജസ്വലമായി മാറി. കലാകായിക പരിപാടികളോടെ ഈ വർഷത്തെ ദുബായ് റൺ ആവേശഭരിതമായ തുടക്കമാണ് കുറിച്ചത്. എല്ലാ ഫിറ്റ്‌നസ് തലങ്ങളിലുമുള്ള പങ്കാളികൾ പങ്കുചേരുന്നതിന് ദുബായ് റൺ സാക്ഷ്യം വഹിച്ചു. സ്‌കൈഡൈവ് ദുബായ് ടീമിൻ്റെ ഗ്ലൈഡറുകളും പാരച്യൂട്ടിസ്റ്റുകളും ഉൾപ്പെടെ കോരിത്തരിപ്പിക്കുന്ന പ്രകടനങ്ങൾ ആഘോഷങ്ങൾക്ക് സവിശേഷമായ ഒരു സ്പർശം നൽകി. പുലർച്ചെ തന്നെ ഓട്ടക്കാർ നഗരവീഥികൾ കയ്യടക്കി. പിന്നെ, റോഡ് ജനസാഗരമായി മാറി. ദുബായ് റണ്ണിൽ പങ്കെടുക്കുന്നവർക്ക് 10 കിമീ ഓട്ടവും അഞ്ച് കിമീ ഓട്ടവും തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരുന്നു. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിൻ്റെ (ഡിഎഫ്‌സി) ഗ്രാൻഡ് ഫിനാലെ അടയാളപ്പെടുത്തുന്ന ഇവൻ്റ് യുഎഇയിലെ ആരോഗ്യത്തിൻ്റെയും ശാരീരികക്ഷമതയുടെയും യഥാർഥ ആഘോഷം കൂടിയാണ്. ഇതിന്റെ ഭാഗമായി ഇന്ന് നാല് പ്രധാന റോഡുകൾ താത്കാലികമായി അടച്ചിട്ടുണ്ട്. പുലർച്ചെ 3.30 മുതൽ രാവിലെ 10.30 വരെയാണ് റോഡുകൾ അടയ്ക്കുക.
ദുബായ് മെട്രോ
ഇന്ന് ദുബായ് മെട്രോ രാവിലെ മൂന്ന് മുതൽ രാത്രി 12 വരെ സർവീസ് നടത്തും. റെഡ്, ഗ്രീൻ ലൈനുകളിൽ ഈ സമയം മെട്രോ ലഭിക്കുമെന്ന് ആർടിഎ അറിയിച്ചു. നോൽ കാർഡ് സിൽവറിൽ, കുറഞ്ഞത് 15 ദിർഹവും ഗോൾഡിൽ 30 ദിർഹവും ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകൂവെന്ന് ആർടിഎ അറിയിച്ചു.
താത്കാലികമായി അടച്ചിടുന്ന റോഡുകൾ
- ട്രേഡ് സെന്റർ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ്
- ഷെയ്ഖ് സായിദ് റോഡിനും അൽ ബൂർസ സ്ട്രീറ്റിനും ഇടയിലുള്ള അൽ സുക്കൂക്ക് സ്ട്രീറ്റ്
- ഷെയ്ഖ് സായിദ് റോഡിനും അൽഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്റർ റോഡ്
- ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൂളവാഡിൽ നിന്നുള്ള വൺവേ
ബദൽ മാർഗങ്ങൾ
ഫിനാൻഷ്യൽ സെന്റർ റോഡ് (മുകളിലെ നില), സബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ റോഡ്, അൽ വാസൽ റോഡ്, അൽ ഖൈൽ റോഡ്, അൽ ബദാ സ്ട്രീറ്റ് എന്നിവ തെരഞ്ഞെടുക്കാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A