ദുബായ്: പുതിയ രണ്ട് ടോൾ ഗേറ്റുകൾ കൂടി ദുബായിൽ പ്രവർത്തനക്ഷമമായി. ഇതോടെ എട്ട് സാലിക് ഗേറ്റുകളിൽനിന്ന് പത്ത് ഗേറ്റുകളായി ഉയർന്നു. ഗതാഗതത്തിരക്ക് കുറയ്ക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഈ ടോൾ ഗേറ്റുകളിലൂടെ യാത്ര ചെയ്യുമ്പോൾ ചെലവ് കൂടും. അൽഖൈൽ റോഡിലേക്കുള്ള ബിസിനസ് ബേ ക്രോസിങിലും ഷെയ്ഖ് സായിദ് റോഡിലേക്കുള്ള അൽ സഫ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനം തുടങ്ങിയത്. നൂറ് ശതമാനം സൗരോർജത്തിലാണ് പുതിയ ടോൾ ഗേറ്റുകളും പ്രവർത്തിക്കുന്നതെന്ന പ്രത്യേകതയുണ്ട്.
ഷാർജ, അൽനഹ്ദ, ഖിസൈസ്, മുഹൈസിന തുടങ്ങി വിവിധ പ്രദേശങ്ങളിൽനിന്നുള്ള വാഹനങ്ങളെത്തുന്ന ദുബായിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അൽഖൈൽ റോഡിലേക്ക് പ്രവേശിക്കാൻ ബിസിനസ് ബേ പാലം ഉപയോഗിക്കുന്നതിനാൽ ഇത് പ്രധാന വഴിയായാണ് കണക്കാക്കുന്നത്. പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിക്കുന്നതോടെ ഗതാഗത തിരക്ക് 16% വരെ കുറയ്ക്കാമെന്നാണ് ആർടിഎയുടെ പ്രതീക്ഷ.
ബിസിനസ് ബേ ക്രോസിങ് ഗേറ്റ് ട്രാഫിക് കുറയ്ക്കും:
- അൽ ഖൈൽ റോഡിൽ 12 മുതൽ 15 ശതമാനം വരെ
- അൽ റബാത്ത് സ്ട്രീറ്റിൽ 10 മുതൽ 16 ശതമാനം വരെ
അൽ സഫ സൗത്ത് ഗേറ്റ്:
- ഷെയ്ഖ് സായിദ് റോഡിൽനിന്ന് മൈദാൻ സ്ട്രീറ്റിലേക്കുള്ള വലത് വശത്തേയ്ക്കുള്ള ഗതാഗതത്തിരത്തിൽ 15 ശതമാനം കുറവുണ്ടാകും
- ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റിനും മെയ്ഡാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും
- വിശാലമായ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കും അൽ അസയേൽ സ്ട്രീറ്റിലേക്കും ഗതാഗതം സുഗമമാക്കും
ചെലവേറെ…
ഒരു സാലിക് ടോൾ ഗേറ്റ് കടന്നാൽ നാല് ദിർഹമാണ് ഈടാക്കുക. പുതിയ ഗേറ്റുകൾ കൂടി വന്നതോടെ ചെലവേറും. അൽസഫയിലെ തെക്കു വടക്കു ഗേറ്റുകൾ ഒരു മണിക്കൂറിനകം കടക്കുന്നവർക്ക് ഒരു ടോൾ നൽകിയാൽ മതി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A