ദുബായ്: സന്ദർശക, ടൂറിസ്റ്റ് വിസ വ്യവസ്ഥകൾ കർശനമാക്കിയതോടെ ദുബായിലെത്താൻ യാത്രക്കാർ വലയുന്നു. ഇനിമുതൽ ദുബായിൽ ഈ വിസകളിൽ വരാൻ ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം, ബാങ്ക് അക്കൗണ്ടിൽ മതിയായ ഫണ്ട്, മടക്കയാത്ര ടിക്കറ്റ് എന്നീ രേഖകൾ നിർബന്ധമാക്കിയിട്ടുണ്ട്. മുൻപ്, വിമാനത്തിൽ കയറുമ്പോൾ സമർപ്പിക്കേണ്ടിയിരുന്ന ഈ രേഖകൾ ഇപ്പോൾ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. കൃത്യമായ രേഖകൾ സമർപ്പിച്ചില്ലെങ്കിലും വിസ കിട്ടാൻ ബുദ്ധിമുട്ടാകും. സന്ദർശക വിസയിലെത്തി നാട്ടിലേയ്ക്ക് മടങ്ങാതെ മുങ്ങുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യുഎഇ നിയമങ്ങൾ കർശനമാക്കിയത്. ടൂറിസ്റ്റ്, സന്ദർശക വിസ നിയമം കർശനമാക്കിയതോടെ വിസ എടുക്കാനാകാതെ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ വലയുന്നു. സന്ദർശക വിസ കാലാവധി കഴിഞ്ഞ് പുതിയ വിസയിൽ തിരിച്ചെത്താനായി യുഎഇയ്ക്ക് പുറത്തുപോയ വനിതകൾ ഉൾപ്പെടെയുള്ളവരാണ് മടങ്ങിയെത്താനാകാതെ വെട്ടിലായത്. അപേക്ഷകൾ തള്ളിയതോടെ പലരെയും വിമാനത്താവളങ്ങളിൽനിന്ന് തന്നെ നാട്ടിലേക്ക് തിരിച്ചയ്ക്കുകയാണ്. ഇന്ത്യയിൽ നിന്നുൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്ന് പുതുതായി സന്ദർശക വിസയ്ക്ക് നൽകിയ അപേക്ഷകളും തള്ളിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ വ്യവസ്ഥ അനുസരിച്ച് ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ ടിക്കറ്റും ഉൾപ്പെടെ സമർപ്പിച്ചിട്ടും അപേക്ഷകളും തള്ളിപ്പോയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾ അറിയിച്ചു. പുതിയ നിർദേശങ്ങൾ അറിയാം.
ഹോട്ടൽ ബുക്കിങ് അല്ലെങ്കിൽ ബന്ധുക്കളുടെ താമസവിലാസം– 30 ദിവസത്തെ വിസയിൽ ഒന്ന് മുതൽ 30 ദിവസം വരെയുള്ള ഏത് ഹോട്ടൽ ബുക്കിങ് കാലയളവും സ്വീകരിക്കും. 60 ദിവസത്തെ വിസയാണെങ്കിൽ 35 മുതൽ 60 ദിവസത്തേയ്ക്കായിരിക്കണം ഹോട്ടൽ ബുക്കിങ്.
മടക്കയാത്രാ ടിക്കറ്റ് ഉണ്ടായിരിക്കണം. ഹോട്ടൽ ബുക്കിങ്ങിലെ തീയതികളും റൗണ്ട് ട്രിപ്പ് ടിക്കറ്റും പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം.
ഡമ്മി ബുക്കിങ്ങുകൾക്ക് ഒരു ഗ്യാരണ്ടിയും നൽകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A