ജോലി സമയം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയാലും ജോലിയുമായി ബന്ധപ്പെട്ട മെയിലുകളും ഫോൺ കോളുകളും പരിശോധിച്ച് മറുപടി കൊടുക്കുന്ന കുറച്ച് പേരുണ്ട്. എത്ര ആത്മാർത്ഥതയുള്ള ജീവനക്കാർ എന്ന് പറഞ്ഞ് ഇവരെ പ്രോത്സാഹിപ്പിക്കുമായിരുന്നു. എന്നാൽ മാറിയ തൊഴിൽ സാഹചര്യത്തിൽ ജോലി സമയം കഴിഞ്ഞുള്ള ഇത്തരം ആത്മാർഥത അത്ര വിലമതിക്കപ്പെടുന്നില്ല എന്ന് മാത്രമല്ല ചിലപ്പോഴൊക്കെ തിരിച്ചടിയുമാകാം. കൊവിഡ് എന്ന മഹാമാരിക്ക് ശേഷമാണ് റിമോട്ട് വർക്ക്, വർക്ക് ഫ്രം ഹോം സംസ്കാരം ശക്തമായി വന്നത്. ജോലി സമയത്തിന് ശേഷം ജോലി സംബന്ധമായി തൊഴിലുടമയുടെയോ തൊഴിൽ മേധാവികളുടെയോ ഫോൺകോളുകൾക്കും സന്ദേശങ്ങൾക്കും പ്രതികരിക്കാൻ നിർബന്ധിതരാകുന്ന ജീവനക്കാരുടെ എണ്ണം കൂടുതലാണെന്നാണ് യുഎഇയിൽ അടുത്തിടെ നടത്തിയ സർവേ വ്യക്തമാക്കുന്നു. ഇതിന് പ്രധാനകാരണം, ജോലി സമയം കഴിഞ്ഞും വരുന്ന സന്ദേശങ്ങളും മീറ്റിങ് അറിയിപ്പുകളും അതേ രീതിയിൽ തന്നെയെടുത്ത് ജോലി പൂർത്തിയാക്കാൻ താത്പര്യപ്പെടുന്നവരാണ് കൂടുതലും.
യുഎഇ നിയമം അനുസരിച്ച് ജോലി സമയം കഴിഞ്ഞാൽ ബോസ് വിളിക്കുമ്പോൾ, മെയിൽ അയക്കുമ്പോൾ പ്രതികരിക്കണോ?
ജോലി സമയം കഴിഞ്ഞും ജീവനക്കാരെ ജോലി സംബന്ധമായി വിളിക്കുന്നതിന് കൃത്യമായ നിയമവശമില്ലെങ്കിലും ജീവനക്കാരനും തൊഴിലുടമയും തമ്മിലുളള ഊഷ്മള ബന്ധം തുടരുന്നതിന് സമ്മർദ്ദവിളികൾ ഒഴിവാക്കാം. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ ജീവനക്കാരന്റെ അനുമതിയോടെ വിളിക്കാം. ജീവനക്കാരനും തൊഴിലുടമയും തമ്മിൽ അധിക ജോലി സമയകരാറുകളുണ്ടെങ്കിലോ മറ്റേതെങ്കിലും തരത്തിൽ കരാറുകൾ നിലവിലുണ്ടെങ്കിലോ വിളിക്കാൻ തടസ്സമില്ല. ഇത്തരം കരാറുകളൊന്നുമില്ലെങ്കിൽ ജോലി സമയം കഴിഞ്ഞ് വരുന്ന ജോലി സംബന്ധമായ സന്ദേശങ്ങളോട് അതേസമയം തന്നെ ജീവനക്കാർ പ്രതികരിക്കേണ്ടതില്ല. 2021 ലെ ഫെഡറൽ ഡിക്രി നിയമം 33 ലാണ് തൊഴിലുടമയും ജീവനക്കാരനും തമ്മിലുളള ബന്ധം വ്യക്തമാക്കുന്നത്. ഇതിൽ ജോലി സമയം കഴിഞ്ഞുളള ജോലി സംബന്ധമായുളള മേധാവികളുടെ സന്ദേശങ്ങൾക്ക് ജീവനക്കാർ പ്രതികരിക്കണമെന്ന് വ്യക്തമാക്കുന്നില്ല. എന്നാൽ അധിക സമയം ജോലിയെടുക്കുന്നുണ്ടെങ്കിൽ അതിന് കൃത്യമായി മേലധികാരികളുടെ സന്ദേശം ആവശ്യമാണ്. ഔദ്യോഗികമായി അധികജോലി നിർദേശമല്ലെങ്കിൽ അത് നിയമപരമായി അധികജോലിയായി കണക്കാക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആ സമയത്ത് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കാൻ നിയമപരമായി ബാധ്യതയില്ല. അപ്പോഴും ഇത്തരം ഫോൺ വിളികൾ അത്യാവശ്യമായി വരുന്ന ജോലികൾക്ക് ഇത് ബാധകവുമല്ല. അത്യാവശ്യസന്ദർഭങ്ങളല്ലെങ്കിൽ ഒരു ദിവസം 2 മണിക്കൂറാണ് അധിക ജോലിസമയപരിധി. മൂന്ന് ആഴ്ചകളിൽ പരമാവധി 144 മണിക്കൂറും. ഔദ്യോഗിക അധികസമയ ജോലി അറിയിപ്പ് ലഭിച്ചിട്ടും ജീവനക്കാരൻ പ്രതികരിക്കാതിരുന്നാൽ നിയമപരമായി നടപടിയെടുക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ജോലിസമയത്തിന് പുറമേയുള്ള അമിതമായ ആശയവിനിമയം ജീവനക്കാരുടെ മാനസികാരോഗ്യത്തെയും ജീവിത ഗുണത്തെയും പ്രതികൂലമായി ബാധിക്കുന്നുവെങ്കിൽ അക്കാര്യത്തെ കുറിച്ച് തൊഴിലുടമയുമായോ സ്ഥാപനവുമായോ സംസാരിക്കാവുന്നതാണ്. പരിഹാരത്തിന് ആവശ്യമായ നടപടികളുണ്ടായില്ലെങ്കിൽ യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിൽ പരാതി നൽകാം. നിയമപരമായ നടപടികളും സ്വീകരിക്കാം. അധികജോലിചെയ്യുകയാണെങ്കിൽ കൃത്യമായി അധികവേതനം നൽകാൻ തൊഴിലുടമ ബാധ്യസ്ഥനാണ്. ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം, കൂടെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും കൂടിയാണ് അധികവേതനമായി നൽകേണ്ടത്. രാത്രി 10 മണിക്കും പുലർച്ചെ 4 മണിക്കും ഇടയിലാണ് അധികജോലിയെങ്കിൽ ഒരു ദിവസത്തെ അടിസ്ഥാന ശമ്പളം, കൂടെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനവും നൽകണം.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A