അബുദാബി: യുഎഇ ദേശീയദിനം ഈദ് അല്‍ ഇത്തിഹാദിന്‍റെ ഭാഗമായി ഷാര്‍ജയിലും ദുബായിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. എമിറേറ്റിലെ പൊതു പാർക്കിങ് ഉപയോക്താക്കളെ ഡിസംബർ 2, 3 തീയതികളിൽ ഫീസിൽ നിന്ന് ഒഴിവാക്കും. പണമടച്ചുള്ള പാർക്കിങ് ഡിസംബർ നാല് ബുധനാഴ്ച പുനഃരാരംഭിക്കും. ഷാർജയിലെ പെയ്ഡ് പാർക്കിംഗ് സോണുകളിൽ സാധാരണ പോലെ നിരക്കുകൾ ബാധകമാകും. പൊതു അവധി ദിനങ്ങൾ ഉൾപ്പെടെ, ആഴ്ചയിലെ എല്ലാ ദിവസവും ഫീസ് ബാധകമാണ്. ഈ സോണുകൾ നീല വിവര ചിഹ്നങ്ങളാൽ തിരിച്ചറിയാൻ കഴിയും. വരാനിരിക്കുന്ന പൊതു അവധിയോട് അനുബന്ധിച്ച് ദുബായിലും സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ രണ്ട് തിങ്കളാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ എല്ലാ പൊതു പാര്‍ക്കിങ്ങിലും ഫീസ് അടയ്ക്കേണ്ടതില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഞായറാഴ്ചകളിൽ ഫീസ് ഈടാക്കാത്തതിനാൽ സൗജന്യ പാർക്കിങ് മൂന്ന് ദിവസമായിരിക്കും. ഈ വർഷം ഈദ് അൽ ഇത്തിഹാദിന് നാല് ദിവസത്തെ വാരാന്ത്യമാണ് മിക്ക താമസക്കാർക്കും ലഭിക്കുക. സർക്കാർ അധികൃതര്‍ നേരത്തെ ഡിസംബർ 2, 3 തീയതികൾ സ്വകാര്യ, പൊതു മേഖലകൾക്ക് ശമ്പളത്തോടുകൂടിയ അവധിയായി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A