ദമാം: താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം, കരുനാഗപ്പള്ളി സ്വദേശി തൊടിയൂര്‍ വെളുത്തമണല്‍ വില്ലേജ് ജങ്ഷനില്‍ ചെറുതോപ്പില്‍ പടീറ്റതില്‍ അസീസ് സുബൈര്‍കുട്ടി (48) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ദമാമില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ഉറങ്ങാൻ കിടന്ന അസീസ് പാചകവാതകം ചോർന്ന് മുറിയിൽ നിറഞ്ഞിരുന്നത് അറിയാതെ ഉറക്കമുണർന്ന് ലൈറ്റ് തെളിയിക്കുന്നതിന് സ്വിച്ചിട്ടപ്പോൾ വലിയ പൊട്ടിത്തെറിയോടെ തീ പിടിക്കുകയായിരുന്നു. പൊട്ടിത്തെറിയോടൊപ്പം വ്യാപിച്ച പുക ശ്വസിച്ച് അസീസ് അബോധാവസ്ഥയിലായി. തുടര്‍ന്ന്, ഗുരുതരാവസ്ഥയിലായ അസീസിനെ ദമാം സെന്‍ട്രല്‍ ആശുപത്രിയിലെത്തിച്ചു. ഒരാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ആരോഗ്യനില വഷളായി മരണം സംഭവിക്കുകയായിരുന്നു. രണ്ടര വര്‍ഷം മുന്‍പാണ് സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി അസീസ് സൗദിയിലെത്തിയത്. നാട്ടില്‍ ഓട്ടോ ഡ്രൈവറായിരുന്നു അസീസ്. രണ്ടു പെൺകുട്ടികളുടെ പിതാവായ അസീസ് മൂത്തമകളുടെ വിവാഹം നടത്തിയിരുന്നു. പഠനം പൂർത്തീകരിച്ച ഇളയമകളുടെ വിവാഹം, കെട്ടുറപ്പുള്ള നല്ല വീട് അടക്കമുള്ള നിരവധി ആവശ്യങ്ങളും സ്വപ്നങ്ങളും പൂർത്തിയാക്കാതെയാണ് അസീസിന്‍റെ വിയോഗം. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യ അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. അപകടവിവരമറിഞ്ഞ് ദമാമിൽ തന്നെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മരുമകൻ അൻസർ കാര്യങ്ങൾ ക്രമീകരിക്കുന്നതിന് എത്തിചേർന്നിട്ടുണ്ട്. ഭാര്യ: ഷീജ, മക്കൾ: ജാസ്മിൻ, തസ്നി, മരുമകൻ: അൻസർ (സൗദി). നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം സൗദിയിൽ സംസ്കരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A