Posted By saritha Posted On

‘ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി’; സ്വന്തം കൈപ്പടയിൽ അറബികിലെഴുതിയ കുറിപ്പുമായി യുഎഇ പ്രസിഡന്‍റ്

ദുബായ്: 53ാമത് യുഎഇ ദേശീയ ദിനത്തില്‍ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ് പങ്കുവെച്ച് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ‘‘നിങ്ങളുടെ നിശ്ചയദാർഢ്യത്തിന് നന്ദി. പരിശ്രമങ്ങൾക്ക് നന്ദി. ഈ രാജ്യത്തിനായി നിങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി, ഈദ് അൽ ഇത്തിഹാദിന്‍റെ വേളയിൽ യുഎഇയെയും ഇവിടുത്തെ പൗരന്മാരെയും താമസക്കാരെയും ഓർത്ത് അഭിമാനിക്കുന്നു’’, സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെ അദ്ദേഹം പങ്കുവെച്ചു. ഈദ് അല്‍ ഇത്തിഹാദിന്‍റെ ഔദ്യോഗിക ചടങ്ങ് അല്‍ ഐനിലാണ് നടക്കുന്നത്. പൊതുയിടങ്ങളിലും ടിവി ചാനലുകളിലും പരിപാടികള്‍ തത്സമയം കാണാം. ‘യുഎഇയിലെ ജനങ്ങൾക്ക് അനുഗൃഹീതമായ ഒരു വർഷം ആശംസിക്കുന്നു. നമ്മുടെ മഹത്തായ ഈദ് അൽ ഇത്തിഹാദിൽ ഈ പ്രിയപ്പെട്ട രാജ്യത്തിന്‍റെ അനുഗ്രഹത്തിനായി ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നുവെന്ന്’, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്‌സിലെ ഒരു സന്ദേശത്തിൽ പറഞ്ഞു. ‘നമ്മുടെ പ്രിയപ്പെട്ട രാജ്യം സ്ഥാപിച്ചതിന്‍റെ 53-ാം വാർഷികത്തിൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുടയും മറ്റു സ്ഥാപക പിതാക്കന്മാരുടെയും യാത്ര അഭിമാനത്തോടെ ഓർക്കുന്നു. ഇവരെല്ലാം യൂണിയൻ സ്ഥാപിക്കുകയും ഈ അനുഗൃഹീത മന്ദിരത്തിന് ശക്തമായ അടിത്തറ പാകുകയും ചെയ്തു. ഞങ്ങളുടെ പ്രതിജ്ഞയും വാഗ്ദാനവും ഞങ്ങൾ പുതുക്കുന്നു. യുഎഇ നേതൃത്വത്തോടും പ്രിയപ്പെട്ട ജനങ്ങളോടും യൂണിയന്‍റെ പതാക ഉയരത്തിൽ പറക്കാൻ എപ്പോഴും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്നും അങ്ങനെ നമുക്ക് ശോഭനമായ ഭാവി സൃഷ്ടിക്കാൻ കഴിയുമെന്നും എമിറേറ്റ്സിന്‍റെ വരും തലമുറകൾ ഇതിൽ പങ്കാളികളാകുമെന്നും’, ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും പങ്കുവച്ച വീഡിയോയിൽ പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Comments (0)

Leave a Reply

Your email address will not be published. Required fields are marked *