കളര്‍കോട്: കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍. ഇന്നലെ (തിങ്കളാഴ്ച) രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ആലപ്പുഴ കളർകോട് ചങ്ങനാശേരി ജങ്ഷന് നൂറുമീറ്റർ വടക്കായിരുന്നു അപകടം. അപകടസമയത്ത് കാറില്‍ 11 വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ 11 പേർ കാറിലും രണ്ടുപേർ ബൈക്കിലുമായിരുന്നു. ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളായ കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ (19), ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം (19), മലപ്പുറം സ്വദേശി ദേവനന്ദൻ (19), ആലപ്പുഴ സ്വദേശി ആയുഷ് ഷാജി (19), പാലക്കാട് സ്വദേശി ശ്രീദീപ് (19) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന 11 പേരും ആലപ്പുഴ ഗവ. മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണ്. ഗൗരിശങ്കർ, ആൽബിൻ, കൃഷ്ണദേവ്, മുഹ്സിൻ, ഷെയ്ൻ എന്നിവർക്കാണു പരിക്കേറ്റത്. ഇവർ സിനിമ കാണുന്നതിനായി കാര്‍ വാടകയ്ക്കെടുത്തു. ഗുരുവായൂർ– കായംകുളം ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാര്‍ വന്നിടിക്കുകയായിരുന്നു. കാര്‍ അമിതവേഗതയിലായിരുന്നെന്ന് ബസ് കണ്ടക്ടര്‍ മനീഷ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ ബസിനടയിലാകുകയും കാര്‍ പൂര്‍ണമായി തകരുകയും ചെയ്തു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൂന്ന് പേര്‍ തക്ഷണം മരിച്ചിരുന്നു. മോശം കാലാവസ്ഥയില്‍ കാഴ്ചമങ്ങിയതാവും അപകടകാരണമെന്ന് എംവിഡി പറഞ്ഞു. അമിതവേഗത്തില്‍ സഞ്ചരിക്കാന്‍ പറ്റിയ സ്ഥലമല്ലെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A