
മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ സുകൃതവും അഭിമാനവുമായ എം.ടി വാസുദേവൻ നായർ (91) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1933 ജൂലൈ 15ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലാണ് ജനിച്ചത്. പുന്നയൂര്‍ക്കുളം ടി. നാരായണന്‍ നായരുടെയും അമ്മ അമ്മാളു അമ്മയുടെയും നാല് ആണ്‍മക്കളില്‍ ഏറ്റവും ഇളയ ആളായിരുന്നു. മലമക്കാവ് എലിമെന്ററി സ്‌കൂള്‍, കുമരനെല്ലൂര്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് 1953ല്‍ രസതന്ത്രത്തില്‍ ബിരുദം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായി ജോലി നോക്കി.
സ്കൂൾ പഠനകാലം മുതൽ സാഹിത്യരചനയിൽ സജീവമായിരുന്നു. വിക്ടോറിയ കോളജിലെ പഠന കാലത്താണ് രക്തം പുരണ്ട മൺതരികൾ എന്ന ആദ്യ ചെറുകഥ പ്രസിദ്ധീകരിക്കുന്നത്. 1958 ൽ പ്രസിദ്ധീകരിച്ച നാലുകെട്ട് ആണ് ആദ്യം പുസ്തകരൂപത്തിൽ പുറത്തുവന്നത്. 1959 ൽ നോവലിന് കേരള സാഹിത്യഅക്കാദമി പുരസ്കാരവും ലഭിച്ചു. തുടർന്ന് കാലാതിവര്‍ത്തിയായ പല നോവലുകളും ആ തൂലികയിൽ നിന്ന് പുറത്തുവന്നു, ‘കാലം’, അസുരവിത്ത്, വിലാപയാത്ര, മഞ്ഞ്, എന്‍.പി.മുഹമ്മദുമായി ചേര്‍ന്നെഴുതിയ അറബിപ്പൊന്ന്, രണ്ടാമൂഴം’ തുടങ്ങിയ നോവലുകള്‍. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു. കേരളസാഹിത്യഅക്കാദമിയുടെ അധ്യക്ഷനായും പിന്നീട് തുഞ്ചന്‍ സ്മാരകസമിതിയുടെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചു.
Comments (0)